ഓണത്തിനു ഗുണനിലവാരമില്ലാത്ത പാല്‍ കടത്ത്; ചെക്‌പോസ്റ്റുകളില്‍ പരിശോധനാ ലാബ് തുറന്നു

TCR-MILMAപാലക്കാട്: ഓണം പ്രമാണിച്ച് കേരളത്തിലേക്ക് മായം കലര്‍ന്നതും നിര്‍ദ്ദിഷ്ട ഗുണനിലവാരം ഇല്ലാത്തതുമായ പാല്‍ എത്തുന്നത് തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാളയാര്‍, മീനാക്ഷിപുരം എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പാല്‍ പരിശോധനാ ലാബ് സജ്ജമായി. ഇന്നുമുതല്‍ 13 വരെയാണ് ഈ ലബോറട്ടറികളില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന പാല്‍ പരിശോധിക്കുക.

പരിശോധനയ്ക്കായി ക്ഷീരവികസന വകുപ്പിന്റെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലെ 50 ജീവനക്കാരെ വാളയാര്‍, മീനാക്ഷിപുരം ചെക്‌പോസ്റ്റുകളില്‍ നിയോഗിച്ചിട്ടുണ്ട്. ഏഴു പേരടങ്ങുന്ന സംഘം മൂന്നു ഷിഫ്റ്റായി 24 മണിക്കൂറും ചെക്ക്‌പോസ്റ്റില്‍ ഉണ്ടായിരിക്കും.ക്ഷീരവികസന വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. സുരേഷ്കുമാര്‍ പാല്‍ പരിശോധന പരിപാടിക്കു നേതൃത്വം നല്‍കും. ചെക്ക്‌പോസ്റ്റുകളുടെ ചുമതല ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ജെ.എസ്. ജയസുജീഷിനും ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ചുമതല എ.അനുപമയ്ക്കും ആയിരിക്കും. പരിപാടിയുടെ  ഉദ്ഘാടനം ഇന്നുരാവിലെ വാളയാര്‍ ചെക്‌പോസ്റ്റില്‍ നടന്നു.

വാളയാര്‍ ചന്ദ്രാപുരത്തെ താത്കാലിക കെട്ടിടത്തിലും മീനാക്ഷിപുരത്തെ വാണിജ്യനികുതി ചെക്‌പോസ്റ്റിലുമാണ് ലാബ് ഒരുക്കിയിട്ടുള്ളത്. പരിശോധനാഫലങ്ങള്‍ അപ്പോള്‍തന്നെ ഓണ്‍ലൈനായി എന്‍ട്രി ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ ക്ഷീരവികസന വകുപ്പ് തയാറാക്കിയിട്ടുണ്ട്. പാലക്കാടിന്റെ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധയിനം പാലുകളുടെ ഗുണമേന്മ പരിശോധിക്കുന്നതിനു സിവില്‍ സ്റ്റേഷനില്‍ ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററും സ്ഥാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കു സൗജന്യമായി പാല്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ലഭ്യമാണ്.

മായം കലര്‍ന്നതോ, നിര്‍ദ്ദിഷ്ട ഗുണനിലവാരമില്ലാത്തതോ ആയ പാല്‍ സാമ്പിളുകള്‍ കണ്ടെത്തിയാല്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു കൈമാറുന്നതിനു ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. അഡള്‍ട്ടറന്റ്‌സ്, ന്യൂട്രലൈസേഴ്‌സ്, പ്രിസര്‍വേറ്റീവ്‌സ് എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഈ താത്കാലിക ലാബില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ പാലിലെ കൊഴുപ്പ്, കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങള്‍ പരിശോധിക്കുന്നതിനും സൗകര്യമുണ്ട്.

Related posts