ഓണസദ്യ സമീകൃതാഹാരം

onasadyaഎല്ലാ ഉത്സവങ്ങളുടെയും അവിഭാജ്യ ഘടകമാണ് നല്ല ഭക്ഷണം. പ്രത്യേകിച്ചും ഓണത്തിനു കൊയ്ത്തുത്സവത്തിന്റെ മാനം കൂടിയുള്ളതിനാല്‍ വിഭവസമൃദ്ധമായ സദ്യ ഓണാഘോഷത്തില്‍ ഒഴിച്ചുകൂടാനാകാത്തതാണ്. കുബേര കുചേല വ്യത്യസമില്ലാതെ ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഓണസദ്യ പ്രിയങ്കരം. മലയാളിയുടെ ജീവിതവും കരുതലും സ്വപ്നങ്ങളുമെല്ലാം ഓണവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാം ഓണത്തിനു വേണ്ടി എന്ന മട്ടിലാണു കാര്യങ്ങള്‍. പഴയ തലമുറ ഓണത്തിനു വിളവെടുക്കാന്‍ പച്ചക്കറികളും കാര്‍ഷികവിളകളും മാസങ്ങള്‍ക്കു മുമ്പേ നടുന്നതു പതിവായിരുന്നു. അത്തരം ഓര്‍മകള്‍ കൂടിയുണ്ട് ഓണത്തിനൊപ്പം.

കൂട്ടായ്മയുടെ ഓണസദ്യ

കുടുംബബന്ധങ്ങള്‍ തേച്ചുമിനുക്കി തിളക്കമാര്‍ന്നതാക്കുന്നതിനുള്ള അവസരം കൂടിയാണ് ഓണം. പരസ്പരം കാണുകയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്ന അവസരമായും ഓണാഘോഷം മാറുന്നു. ഒന്നിച്ചുകൂടി ഒരുമിച്ചു ഭക്ഷണം തയാറാക്കി കഴിക്കുമ്പോള്‍ ഓണം കൂട്ടായ്മയുടെ കൂടി ഉത്സവമാകുന്നു. പണെ്ടാക്കെ സദ്യയെന്നത് ഓണം പോലെയുള്ള വിശേഷാവസരങ്ങളിലായിരുന്നു. ഇന്നു കാലം മാറിയപ്പോള്‍ ദിവസവും സദ്യ വിളമ്പുന്ന ഹോട്ടലുകള്‍ നാട്ടില്‍ പലേടങ്ങളിലുമായി. മിക്കപ്പോഴും ഭക്ഷണം ഒന്നു രണ്ടു കറികളിലൊതുങ്ങുമ്പോള്‍ ഓണത്തിനാണ് വിഭവസമൃദ്ധമായി നാം ആഹാരം കഴിക്കുന്നത്. ഇപ്പോള്‍ എന്തു വിശേഷത്തിനും സദ്യ ഒഴിവാക്കാനാകാതെ വന്നിരിക്കുന്നു.

ഭക്ഷണം ഷഡ്രസപ്രധാനം

ഓണസദ്യയെന്നതു നമ്മുടെ ദഹനേന്ദ്രിയത്തെ നന്നായി മനസിലാക്കിയശേഷം നമ്മുടെ പൂര്‍വികരായ ആചാര്യന്മാര്‍ വിഭാവന ചെയ്തതാണ്. ഷഡ്രസപ്രധാനമാണ് നമ്മുടെ ഭക്ഷണമെന്നു പറയാറുണ്ട്. മധുരം, എരിവ്, ഉപ്പ്, കയ്പ്, ചവര്‍പ്പ്, പുളി..എന്നീ ആറു രസങ്ങളും ഓണസദ്യയിലുണ്ട്. ഈ ആറു രസങ്ങളും ചേര്‍ന്ന ഭക്ഷണത്തെ ഒന്നാംതരം ഓണസദ്യയെന്നു പറയാം.

ഓണസദ്യ സമീകൃതാഹാരം

ഓണസദ്യ സമീകൃതാഹാരമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. എല്ലാത്തരം പച്ചക്കറികളില്‍ നിന്നുമുള്ള പോഷകങ്ങള്‍ ഓണസദ്യയില്‍ നിന്നു ലഭിക്കും. ആവശ്യത്തിനു കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനുമുണ്ട്. പച്ചക്കറികള്‍ കൂടുതലായി ഉപയോഗിക്കുന്നതിനാല്‍

അതില്‍ നിന്നു ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവയും ശരീരത്തിനു കിട്ടുന്നു. അടുത്ത തലമുറയുടെ ആരോഗ്യം മനസില്‍ കണ്ടാണ് ഓണസദ്യയില്‍ വിഭവങ്ങളുടെ നീണ്ടനിര. ഓരോ വിഭവവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ചോറുവിളമ്പിയ ശേഷം ഒഴിക്കുന്ന പരിപ്പിനൊപ്പം പപ്പടവും നെയ്യും. എല്ലാം പരസ്പരപൂരകങ്ങള്‍. ശരീരപോഷണത്തിന് ആവശ്യമായതെല്ലാം ഓണസദ്യയിലുണ്ട്.

തൂശനിലയിലെ കുത്തരിച്ചോറ്

ഓണസദ്യ വിളമ്പുന്ന ഇലയ്ക്കു പോലും പ്രത്യേകതയുണ്ട്. കഴുകിയെടുത്ത തൂശനിലയിലാണു സദ്യ വിളമ്പുന്നത്. അധികം മുറ്റാത്ത തളിരിലയില്‍ ചൂടു ചോറു വീഴുമ്പോല്‍ ഇലയില്‍ നിന്നു ചില വിറ്റാമിനുകളും ക്ലോറോഫിലും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തും. അലുമിനിയത്തിന്റെയും ചെമ്പിന്റെയും അംശം അല്പം പോലും കലരാത്ത ഭക്ഷണം എന്ന പ്രത്യേകതയും തൂശനിലയില്‍ സദ്യയുണ്ണുമ്പോള്‍ കിട്ടും. അലുമിനിയം ഫോയിലിലും പ്ലാസ്റ്റിക് കോട്ടിംഗ് പേപ്പറുകളലും പ്ലാസ്റ്റിക് ഇലകളിലും ഭക്ഷണം കഴിക്കുന്ന പതിവുകളില്‍ നിന്ന് പലര്‍ക്കും ഓണനാളുകള്‍ മോചനം നല്കും.

തവിടില്‍ വിറ്റാമിന്‍ ബി കോംപ്ലക്‌സ്

സദ്യയില്‍ പ്രധാനം കുത്തരിച്ചോറു തന്നെ. തവിടു കളയാത്ത കുത്തരിച്ചോറ്. കുത്തരിച്ചോറില്‍ നിന്നു കാര്‍ബോഹൈഡ്രേറ്റ് കിട്ടുന്നു. തവിടുകളയാത്തതിനാല്‍ അതില്‍ നിന്നു വിറ്റാമിന്‍ ബി കോപ്ലക്‌സും കിട്ടും.

മഴവില്‍ അഴകോടെ കറികള്‍

ഓണസദ്യ വിളമ്പുന്നതിനു പോലും ഏറെ പ്രത്യേകതകളുണ്ട്. നഗരത്തിലെ തിരക്കുകള്‍ക്കു വിടനല്കി ഓണനാളുകളില്‍ നാട്ടിന്‍പുറത്തെ ബന്ധുവീടുകളിലെത്തുമ്പോള്‍ പലപ്പോഴും കൊച്ചുകുട്ടികള്‍ ഏറെ കൗതുകത്തോടെ സദ്യ വിളമ്പുന്നതു നോക്കി നില്‍ക്കാറുണ്ട്. അതില്‍ കൃത്രിമമായി നിറങ്ങള്‍ ചേര്‍ക്കാതെ തന്നെ മഴവില്‍ അഴകുള്ള കറികള്‍ തൂശനിലയില്‍ തെളിയുന്ന കാഴ്ച നയനാമൃതം തന്നെ. മാങ്ങഅച്ചാര്‍ ചുവപ്പുനിറം, കിച്ചടി വെള്ള നിറം, ബീറ്റ്‌റൂട്ട് കിച്ചടി പിങ്ക് നിറം, കാബേജ് തോരന്‍ മഞ്ഞ നിറം… എന്നിങ്ങനെ സ്വാഭാവിക നിറങ്ങളിലുള്ള കറികള്‍ ഓണസദ്യയെ വര്‍ണാഭമാക്കുന്നു. പല നിറങ്ങളിലുള്ള പച്ചക്കറികളും ഇലക്കറികളും പഴങ്ങളും സമ്മാനിക്കുന്ന പോഷകങ്ങള്‍ ആരോഗ്യജീവിതത്തിനു മുതല്‍ക്കൂട്ടാകുന്നു.

ബുദ്ധിവികാസത്തിനു പരിപ്പും നെയ്യും

പരിപ്പും നെയ്യും കുട്ടികള്‍ക്കു രുചിയും കൗതുകവും സമ്മാനിക്കുന്നതിനൊപ്പം അവരുടെ ബുദ്ധിവികാസത്തിനു സഹായകമായ പോഷകങ്ങളുംനല്കുന്നു. പരിപ്പില്‍ നിന്നു കിട്ടുന്ന പ്രോട്ടീനും നെയ്യില്‍ നിന്നു കിട്ടുന്ന മീഡിയം ചെയിന്‍ ട്രൈ ഗ്ലിസറൈഡ്‌സും(സാച്ചുറേറ്റഡ് ഫാറ്റ്) കുട്ടികളുടെ ബുദ്ധിവികാസത്തിന് അവശ്യം. പണ്ടുള്ളവര്‍ പരിപ്പും നെയ്യും ചേര്‍ത്തു കുട്ടികള്‍ക്കു ചോറു കൊടുത്തിരുന്നത് വെറുതേയല്ലെന്ന് മനസിലായില്ലേ.. ഇത്തരം ശാസ്ത്രീയ വശം കൂടി അറിയുമ്പോള്‍ വാസ്തവത്തില്‍ സദ്യയുടെ മഹത്വം ഒന്നുകൂടി മെച്ചപ്പെടുകയാണു ചെയ്യുന്നത്.

സമ്പാര്‍ നന്നായാല്‍ സദ്യ നന്നായി

പരിപ്പും നെയ്യും കഴിഞ്ഞാല്‍ പിന്നെ സാമ്പാര്‍. കറികളില്‍ പ്രധാനിയാണു സാമ്പാര്‍. സമ്പാര്‍ നന്നായാല്‍ സദ്യ നന്നായി എന്നാണു പറയാറുള്ളത്.പരിപ്പും മറ്റു പച്ചക്കറികളും ചേര്‍ന്ന സാമ്പാറിലൂടെ ശരീരത്തിനു വേണ്ട എല്ലാ പോഷകങ്ങളും കിട്ടും. ഇലക്കറി കൊണ്ടുള്ള തോരന്‍, നീളത്തില്‍ മുറിച്ച പച്ചക്കറികള്‍ കൊണ്ടു തയാറാക്കുന്ന അവിയല്‍ എന്നിവയില്‍ നിന്നെല്ലാം ധാരാളം നാരുകളും വിറ്റാമിനുകളും ശരീരത്തിനു കിട്ടും. പലതരം പച്ചക്കറികല്‍ ചേര്‍ത്ത വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ പതിവായി ഉള്‍പ്പെടുത്തുന്നത് ആരോഗ്യജീവിതത്തിനു സഹായകം. നമ്മുടെ സാമ്പാറും അവിയലും കഴിക്കുമ്പോള്‍ത്തന്നെ നമുക്ക് അവശ്യം വേണ്ട പോഷകങ്ങള്‍ സ്വന്തമാക്കാം.

വിവരങ്ങള്‍:
ഡോ. അനിതമോഹന്‍
ക്ലിനിക്കല്‍ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സള്‍ട്ടന്റ്

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്

Related posts