തൃശൂര്‍: രാജ്യത്തെ എ-വണ്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒന്നായ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൈ-ഫൈ സംവിധാനം സജ്ജമായി. ഓണസമ്മാനമായി തൃശൂര്‍ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് വൈ-ഫൈ സംവിധാനം ഔദ്യോഗികമായി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥര്‍. വൈ-ഫൈ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ ട്രയല്‍ നടത്തിക്കൊണ്ടിരിക്കയാണ്. സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇപ്പോള്‍ തന്നെ വൈ-ഫൈ സംവിധാനം ലഭ്യമാകുന്നുണ്ട്.
എല്ലാ യാത്രക്കാര്‍ക്കും വൈ-ഫൈ ലഭിക്കുന്ന തരത്തില്‍ സംവിധാനം കുറ്റമറ്റതാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓണത്തിന് റെയില്‍വേ സ്റ്റേഷനില്‍ വൈ-ഫൈ സംവിധാനം ഔദ്യോഗികമായി നിലവില്‍ വരുത്താനാണ് തീരുമാനമെന്ന് സ്റ്റേഷന്‍ മാനേജര്‍ ജോസഫ് നൈനാന്‍ പറഞ്ഞു. വൈ-ഫൈ സംവിധാനം ഒരുക്കുന്നതിനായി കുറച്ചു നാളുകളായി പണികള്‍ നടന്നു വരികയായിരുന്നു. ഏറ്റവും കൂടുതല്‍ വരുമാനമുള്ള സ്റ്റേഷനുകളിലൊന്നായ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ വൈകുന്നതില്‍ യാത്രക്കാര്‍ അസംപ്തൃപ്തരമാണ്.
കേരളത്തില്‍ തന്നെ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് സ്‌റ്റേഷനുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നടക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയിട്ടും വികസനം വൈകിയാണ് ഇവിടെ എത്തുന്നതത്രേ. ജനപ്രതിനിധികള്‍ വേണ്ടത്ര താല്‍പര്യം കാണിക്കാത്തതാണ് വികസനം വൈകിയെത്താന്‍ കാരണമെന്ന് ആരോപണമുണ്ട്. റെയില്‍വേ സ്റ്റേഷനിലെ എസ്കലേറ്ററിന്റെ നിര്‍മാണവും ലിഫ്റ്റിന്റെ നിര്‍മാണവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
ഓണത്തിനുമുമ്പ് എസ്കലേറ്ററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇനിയും ഉദ്ഘാടനം നടത്താനാകുമോയെന്ന സംശയത്തിലാണ്. പണികള്‍ നീണ്ടു പോകുന്നതിനാല്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളും നീളുകയാണിപ്പോള്‍. രണ്ടാം പ്ലാറ്റ് ഫോമിലേക്ക് എളുപ്പത്തില്‍ കടക്കണമെങ്കില്‍ ഇപ്പോഴും ആളുകള്‍ക്ക് ട്രാക്ക് മുറിച്ചു കടക്കേണ്ട ഗതികേടിലാണ്.