
ചേർത്തല: പഴമയുടെ ഓർമകൾ വിളന്പി കുടുംബശ്രീ പ്രവർത്തകരെത്തിയത് നാട്ടുകാർക്ക് വേറിട്ട അനുഭവമായി. ചൂട് കഞ്ഞിയും, പപ്പടവും, പയറും, കപ്പയും, ചമ്മന്തിയും ഒരുക്കിയാണ് വെളളിയാകുളത്തെ സംരംഭം എന്നുപേരിട്ടിരിക്കുന്ന കുടുംബശ്രീയുടെ ഭക്ഷണശാലയുടെ പ്രവർത്തനം ആരംഭിച്ചത്.
ഇതിനകം മത്സ്യ വിപണിയിൽ മുന്നേറുന്ന മൂന്ന് പേരടങ്ങുന്ന ഗ്രൂപ്പാണ് എണ്ണപ്പലഹാരങ്ങളും ഇഡലി, ദോശ, ബജി എന്നിവയോടൊപ്പം ചൂട് കഞ്ഞികൂടി നൽകുന്ന കുടുംബശ്രീ കിയോസ്ക് ആരംഭിച്ചത്. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മഹാലക്ഷ്മി യൂണിറ്റിലെ അനിത, വിലാസിനി, അംബിക രഞ്ജൻ എന്നിവരാണ് സംരഭക ടീമിലെ അംഗങ്ങൾ.
എണ്ണപ്പലഹാരങ്ങൾ ഉണ്ടാക്കുന്നതിനുളള പരിശീലനവും സഹായവും കുടുബശ്രീ മിഷൻ നേരത്തെ നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഓർഡർ അനുസരിച്ചു ഭക്ഷണസാധനങ്ങൾ ഒരുക്കി നൽകുന്ന പ്രവർത്തനങ്ങളും ഉണ്ട്. പദ്ധതിയുടെ ഉദ്ഘാടനം തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജ്യോതിസ് നിർവഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണ് ബിനിത മനോജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം മറിയാമ്മ, സിഡിഎസ് പ്രസിഡന്റ് ശ്രീജ ഷിബു, എഡിഎസ് പ്രസിഡൻറ് പ്രേമ, സെക്രട്ടറി ഗീതമ്മ എന്നിവർ പ്രസംഗിച്ചു.