ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന ദിശാബോധം കൊടുക്കുന്നതിനൊപ്പം സർക്കാർ ചെയ്യേണ്ടത് ക്രൂരതയിൽ ആനന്ദിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയാണ്. ഇത്തരം സാഡിസ്റ്റുകൾ ഇല്ലായിരുന്നെങ്കിൽ പത്തനംതിട്ടയിലെ ഷിജോ ഇന്നു ജീവനോടെയുണ്ടാകുമായിരുന്നു. കോടതിയുത്തരവും മന്ത്രിയുടെ നിർദേശവും ഉണ്ടായിട്ടുപോലും അധ്യാപികയായ ഭാര്യയുടെ ശന്പളക്കുടിശിക കിട്ടാതെ വന്നതോടെയാണ് സാന്പത്തികക്കുരുക്കിൽ അദ്ദേഹം കഴുത്തുവച്ചത്. മുഖം രക്ഷിക്കാനുള്ള സസ്പെൻഷൻ തന്ത്രമല്ല, കുറ്റവാളികളാണെങ്കിൽ ഉദ്യോഗസ്ഥരെ അഴിയെണ്ണിക്കാനുള്ള ഇച്ഛാശക്തിയാണു സർക്കാരിനു വേണ്ടത്.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥഭരണത്തിൽ പ്രതീക്ഷയ്ക്കു വകയില്ലെന്നു തോന്നിയപ്പോഴാണ് റാന്നി അത്തിക്കയം സ്വദേശി വി.ടി. ഷിജോ ഞായറാഴ്ച രാത്രി വീടിന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള കാട്ടുപ്രദേശത്തേക്ക് അവസാനയാത്ര നടത്തിയത്. പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷിജോയുടെ ഭാര്യ അധ്യാപികയായ ലേഖയുടെ ശമ്പളത്തിനുവേണ്ടി ഏറെ നിയമയുദ്ധം നടത്തിയ ഷിജോ ഒടുവില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവും സമ്പാദിച്ചിരുന്നു.
അതിനും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ ചലിപ്പിക്കാനായില്ല. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍നിന്നു തുടര്‍നടപടിയുണ്ടായില്ല. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ കഴിഞ്ഞ രണ്ടുമാസത്തെ ശമ്പളം ലഭിച്ചു. 13 വര്‍ഷമായി ലഭിക്കേണ്ട ശമ്പളത്തിന്റെ ബില്ല് എഴുതി സമര്‍പ്പിച്ചിട്ട് ഏഴു മാസം പിന്നിട്ടെങ്കിലും പാസാക്കിയില്ല. കൃഷിവകുപ്പിനു കീഴിലുള്ള വിഎഫ്പിസികെയില്‍ ഫീല്‍ഡ് അസിസ്റ്റന്റായി ജോലി നോക്കിയിരുന്ന ഷിജോയുടെ ശമ്പളവും രണ്ടു മാസത്തെ കുടിശികയുണ്ട്.
മകന്റെ എന്‍ജിനിയറിംഗ് പഠനവുമായി ബന്ധപ്പെട്ട് പണം ആവശ്യമായി വന്നതോടെ പ്രതിസന്ധി രൂക്ഷമായി. സഹികെട്ട് അദ്ദേഹം ഇരുട്ടിലേക്ക് ഇറങ്ങിപ്പോകുകയായിരുന്നു.2012ല്‍ ഒരു അധ്യാപകന് ജോലി രാജിവച്ചതിനെത്തുടര്‍ന്നാണ് ഭാര്യ ലേഖ യുപി വിഭാഗം അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. രാജിയുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ മാനേജ്മെന്റുമായി ഉണ്ടായപ്പോള്‍ ലേഖയുടെ തസ്തിക അംഗീകരിച്ചുനല്‍കാന്‍ വിദ്യാഭ്യാസ വകുപ്പു തയാറായില്ല.
ശമ്പള ബില്ലുകള്‍ ഇതോടെ നിയമക്കുരുക്കിലായി. കോടതിയുടെ കര്‍ശനമായ ഇടപെടലിനെത്തുടര്‍ന്ന് നിയമനാംഗീകാരം നല്‍കിയെങ്കിലും 2012 ജൂലൈ മുതലുള്ള ശമ്പളക്കുടിശികയ്ക്കായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. കോടതി കനിഞ്ഞാലും ഉദ്യോഗസ്ഥർ കനിയുന്നില്ലെങ്കിൽ സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. ഈ നിഷ്ക്രിയത്വം അനുവദിച്ചുകൊടുക്കുന്നതു ഭരണകൂടമാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ ജീവനൊടുക്കിയ കോഴിക്കോട്ടെ അലീനയുടെ കാര്യവും ഇതോടു ചേർത്തുവായിക്കേണ്ടതാണ്. അലീനയുടെ നിയമനാംഗീകാരം വൈകാനിടയാക്കിയ സാഹചര്യങ്ങളും എത്തിച്ചേർന്നത് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയിലേക്കായിരുന്നു. അതേസമയം, എല്ലാക്കാര്യത്തിലും ഈ മെല്ലെപ്പോക്കില്ല.
ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടി കോഴിക്കോട് സ്വദേശിയായ ഒരു മതമൗലികവാദി കത്തയച്ചപ്പോൾ ഉടനടി ക്രൈസ്തവ അധ്യാപകരുടെ വിവരശേഖരണത്തിന് ഉത്തരവിട്ടതും അതേയാൾ വീണ്ടും കത്തയച്ചപ്പോൾ വീണ്ടും ഉത്തരവിറക്കിയതുമൊക്കെ മാസങ്ങൾക്കു മുന്‍പാണ്. അന്നുമുണ്ടായി പൊതുവിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. ചെയ്യേണ്ടതൊന്നും ചെയ്യാത്തവർ ചെയ്യേണ്ടാത്തതെല്ലാം ചെയ്യുന്ന സ്ഥിതിയാണ് സംസ്ഥാനത്ത്.
ഷിജോയിലേക്കു തിരിച്ചുവരാം. അയാളിനി ഒരുത്തന്റെയും കാലുപിടിക്കാൻ വരില്ല. പക്ഷേ കാര്യങ്ങൾ ഉഷാറാകും. സസ്പെൻഷൻ, അന്വേഷണം, കുടിശിക തീർപ്പാക്കൽ, ഭർതൃവിയോഗത്തിൽ ജീവച്ഛവമായ ആ അമ്മയുടെ അക്കൗണ്ടിലേക്ക് പണം… പക്ഷേ, ആ കുടുംബത്തിന്റെ വെളിച്ചം തല്ലിക്കെടുത്തിയില്ലേ? പതിവനുസരിച്ചാണെങ്കിൽ ഉത്തരവാദികൾ സസ്പെൻഷൻ കാലത്തെ ശന്പളത്തോടെ തിരിച്ചുകയറും.
ഓരോ ജീവിതമായിരുന്ന ഫയലുകളൊക്കെ ഓരോ ശവപ്പെട്ടിയായി മാറുകയാണ് കേട്ടോ. ആത്മഹത്യയുടെ വക്കിലുള്ള പലരുടെയും പേരെഴുതിയ ഫയലുകളിൽ ചവിട്ടിപ്പിടിച്ചിരിക്കുന്നത് അലസരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരാണ്. ബന്ധപ്പെട്ട മന്ത്രിമാർ വിചാരിച്ചാൽ ഓരോ വകുപ്പിലെയും ജനദ്രോഹികളെ കണ്ടെത്താൻ 24 മണിക്കൂർ മതി. ആ വേട്ടക്കാരുടെ കൊടിയിലേക്കു നോക്കാതെ ഇരകളുടെ ദൈന്യതയാർന്ന മുഖത്തേക്കു നോക്കൂ! നവകേരളമൊക്കെ അവിടെ നിൽക്കട്ടെ, പണിയെടുത്തവർക്കു കൂലി കൊടുക്ക്.