ഉയര്‍ന്ന ശമ്പളം നല്‍കി പല തസ്തികളിലേക്കും ആളുകളെ നിയമിക്കുന്നത് ലോകത്ത് സര്‍വസാധാരണമാണ്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ തന്നെ ഉദാഹരണം. എന്നാല്‍ വടക്കന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൊളോത്തണ്‍ എന്ന പട്ടണം ഒരു അസാധാരണ നിയമനത്തിലൂടെയാണ് ലോകത്തെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒരുപക്ഷെ ലോകത്തില്‍ തന്നെ ഇത്തരത്തിലൊരു തസ്തിക കാണാനാവുന്നത് ഇവിടെ മാത്രമായിരിക്കും. പട്ടണത്തിന്റെ ഔദ്യോഗിക സന്ന്യാസി എന്ന അപൂര്‍വ തസ്തികയാണ് ഇവിടുത്തെ പ്രത്യേകത. സന്ന്യാസിയാണെന്നു വച്ച് സേവനം സൗജന്യമാണെന്നു കരുതിയാല്‍ തെറ്റി. 24000 ഡോളറാണ് സന്ന്യാസിയുടെ വാര്‍ഷിക ശമ്പളം. കൂടാതെ കാഴ്ചയില്‍ ഗുഹയെ അനുസ്മരിപ്പിക്കുന്ന ക്യാബിനുമുണ്ട്.
സന്യാസി എന്നു കേള്‍ക്കുമ്പോള്‍ ഞെട്ടുകയൊന്നും വേണ്ട കാരണം ഈ ജോലിക്ക് നിയോഗിക്കപ്പെടുന്നവര്‍ക്ക് സന്യാസത്തില്‍ മുന്‍പരിചയം വേണമെന്നൊന്നുമില്ല. നല്ല സ്വഭാവമുള്ളവരായിരിക്കണം, ദൈവ വിശ്വാസിയായിരിക്കണം തുടങ്ങിയ ചെറിയ നിബന്ധനകള്‍ മാത്രമേയുള്ളൂ. ഇപ്രാവശ്യം സന്യാസിയായി തിരഞ്ഞെടുക്കപ്പെട്ട മൈക്കള്‍ ദോമാകട്ടെ പഴയ ഒരു പോലീസുകാരനാണ്. പുതിയ ജോലിയെ താന്‍ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്ന് 55കാരനായ ദോം പറയുന്നു.
മറ്റ് ഗവണ്‍മെന്റ് ജോലി പോലെ തന്നെയുള്ള നടപടിക്രമങ്ങളാണ് സന്യാസി ജോലിയ്ക്കും. 22പേരാണ് ഈ പദവിയ്ക്കായി അപേക്ഷിച്ചത്. പോലീസ് ഉദ്യോഗത്തില്‍ നിന്നും വിരമിച്ചതിനു ശേഷം ദൈവശാസ്ത്രം പഠിച്ചതും ധ്യാനം പരിശീലിച്ചതുമാണ് ദോമിനെത്തുണച്ചത്.
ഇതൊക്കെ കേട്ടിട്ട് ഇത് പുതിയ ട്രെന്‍ഡാണെന്നു കരുതിയാല്‍ വീണ്ടും തെറ്റി. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ ചടങ്ങിന്. 1442ല്‍ സെന്റ്. വെരേന തുടങ്ങി വച്ചതാണ് ഈ പാരമ്പര്യം. ബെനഡിക്ട എന്നു പേരുള്ള ഒരു സിസ്റ്ററായിരുന്നു മുന്‍പ് ഈ തസ്ത്കയിലുണ്ടായിരുന്നത്. ഈ ഫെബ്രുവരിയിലാണ് അവര്‍ സ്ഥാനമൊഴിഞ്ഞത്.
മുന്‍പ് ഈ തസ്തികയിലിരുന്ന മറ്റൊരാളായ വെരേന ദുബാച്ചര്‍ 25 വര്‍ഷം സന്യാസിയായി ജോലി നോക്കിയതിനു ശേഷമാണ് വിരമിച്ചത്. തന്റെ ഏകാന്തതയ്ക്ക് ഭംഗം വരുത്താന്‍ ആളുകള്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു അവരുടെ പിന്മാറ്റം. ആദ്യ കാലത്തൊക്കെ പുരോഹിതന്മാരെ മാത്രമായിരുന്നു ഈ തസ്തികയിലേക്കു പരിഗണിച്ചിരുന്നെങ്കിലും. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി സാധാരണ പൗരന്മാരെയും സന്യാസിയായി വാഴിച്ചുവരുകയാണ്. എന്തായാലും ഈ സന്യാസിമാരുടെ പ്രവര്‍ത്തനത്തില്‍ പട്ടണവാസികള്‍ സന്തോഷവാന്‍മാരാണ്.