ചങ്ങനാശേരി: നഗരത്തിലെ ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനിലെ കക്കൂസിന്റെ മേല്‍ക്കൂരയുടെ പ്ലാസ്റ്ററിംഗ് അടര്‍ന്നുവീണ് ഒരാള്‍ക്കു പരിക്കേറ്റ സംഭവം അന്വേഷണം വേമമെന്ന ആവശ്യം ഉയരുന്നു. എസി റോഡ് മനയ്ക്കച്ചിറ സ്വദേശിയായ ഓട്ടോഡ്രൈവര്‍ രാജേഷി(40)നാണ് പരിക്കേറ്റത്. ഓട്ടോയുമായി നഗരത്തിലെത്തിയ ഇയാള്‍ കക്കൂസില്‍ കയറി പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതിനിടെ പ്ലാസ്റ്ററിംഗ് അടര്‍ന്ന് തലയിലേക്ക് വീഴുകയായിരുന്നു.
തലയ്ക്കും ശരീരത്തും പരിക്കേറ്റ ഇയാളെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11നാണ് സംഭവം. രാജേഷിന് തലക്ക് ഗരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് പുതിയ കംഫര്‍ട്ട് സ്റ്റേഷന് തുറന്നത്. കംഫര്‍ട്ട് സ്റ്റേഷന്റെ ടാങ്ക് പലതവണ നിറഞ്ഞ് സ്റ്റാന്‍ഡിലൂടെ മലിനജലം ഒഴുകിയിരുന്നു. ഇതേതുടര്‍ന്ന് പലതവണ കംഫര്‍ട്ട് സ്റ്റേഷന് അടച്ചുപൂട്ടിയിരുന്നു. അറ്റകുറ്റപ്പണി നടത്തി അടുത്തിടെയാണ് വീണ്ടും തുറന്നത്.
കംഫര്‍ട്ട് സ്റ്റേഷന്റെ നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം ശക്തമാണ്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ആളുകള്‍ക്ക് അപകടക്കെണിയായ നിലയില്‍ പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്റെ ഫിറ്റ്നസ് ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി യാത്രക്കാരും രംഗത്തെത്തിയിട്ടുണ്ട്.