പത്തനംതിട്ട: ശബരിമല സ്വര്ണപ്പാളി ചെമ്പാക്കി മാറ്റിയ മാന്ത്രികവിദ്യയുടെ സൂത്രധാരന് മുന് ദേവസ്വം കമ്മീഷണര് എന്. വാസുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില് അന്നത്തെ ദേവസ്വം ബോര്ഡ് കൂടുതല് കുരുക്കിലേക്ക്. നിലവില് സ്വര്ണപ്പാളി മോഷണക്കേസില് എ. പത്മകുമാര് പ്രസിഡന്റായിരുന്ന ദേവസ്വം ബോര്ഡ് പ്രതി സ്ഥാനത്തുണ്ട്.
വാസുവിനെ റിമാന്ഡ് ചെയ്തുകൊണ്ട് കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടില് ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല് എന്നിവ തെളിഞ്ഞതായി എസ്ഐടി വ്യക്തമാക്കി. വാസുവിന്റെ നിര്ദേശപ്രകാരമാണ് ഔദ്യോഗിക രേഖകളില് തിരിമറി നടന്നതെന്ന് റിപ്പോര്ട്ടില് പറയുന്നു. രേഖകളില് ഉണ്ടായിരുന്ന “സ്വര്ണം പൊതിഞ്ഞ പാളികള്’ എന്ന ഭാഗം ഒഴിവാക്കി, പകരം “ചെമ്പ് പാളികള്’ എന്ന് മാറ്റി എഴുതിച്ചേര്ത്തു. ഇതര പ്രതികളുമായി ചേര്ന്ന് എന്. വാസു ഗൂഢാലോചനയില് പങ്കെടുത്തെന്നും തെളിഞ്ഞിട്ടുണ്ട്.
സ്വര്ണപ്പാളികള് ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള ഇടപെടല് നടത്തിയത് വാസുവാണെന്നും ഇതുവഴി ദേവസ്വം ബോര്ഡിന് നഷ്ടവും പ്രതികള്ക്ക് അന്യായമായ ലാഭവും ഉണ്ടായെന്നും റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു. ഇത്തരത്തിലൊരു തീരുമാനം ദേവസ്വം ബോര്ഡിന്റെ അറിവോടെയാണെന്നും കണ്ടെത്തലുണ്ട്.
കേസില് മുന് എക്സിക്യൂട്ടീവ് ഓഫീസര് ഡി സുധീഷ് കുമാറിന്റെ മൊഴിയാണ് വാസുവിനെതിരേ നിര്ണായകമായതെങ്കില് വാസുവില് നിന്നു ലഭിക്കുന്ന വിവരങ്ങളിലൂടെ അന്നത്തെ ദേവസ്വം ബോര്ഡ് പ്രസിഡന്റും മെംബര്മാരും കുരുക്കിലാകും.സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കോന്നി മുന് എംഎല്എയുമായ പത്മകുമാറിന്റെ കാലത്തെ ദേവസ്വം ബോര്ഡ് ശബരിമല കട്ടിളപ്പാളി കേസില് എട്ടാം പ്രതിയാണ്.
ഇതില് ആളുകളുടെ പേരുകള് പ്രതിപ്പട്ടികയില് ഉള്പ്പെടുത്തിയിട്ടില്ലെന്നു മാത്രമാണ് പത്മകുമാറിന്റെ ആശ്വാസം. എന്നാല് വാസുവിന്റെയും മുന് തിരുവാഭാരണം കമ്മീഷണര് കെ. എസ്. ബൈജുവിന്റെയും മൊഴിയില് പത്മകുമാറിനെതിരായ നിര്ണായക വിവരങ്ങളുണ്ടെന്നാണ് അറിയുന്നത്.
പത്മകുമാര് സ്ഥാനമൊഴിഞ്ഞപ്പോഴാണ് വാസു പ്രസിഡന്റായത്. ദേവസ്വം ബോര്ഡ് പ്രസിഡന്റുമാരായി വാസുവിന്റെയും പത്മകുമാറിന്റെയും രാഷ്ട്രീയ നിയമനമായിരുന്നു. അന്വേഷണം ഇവരിലേക്കു നീളുന്നതു തടയാന് സര്ക്കാരും സിപിഎമ്മും അണിയറനീക്കങ്ങള് നടത്തിയതായി വിവരങ്ങള് പുറത്തുവന്നിരുന്നു.
അന്വേഷണസംഘത്തിന്റെ നീക്കങ്ങള് നിരീക്ഷിക്കാനും വിവരങ്ങള് ചോര്ത്താനും ശ്രമങ്ങള് നടന്നു. കേസ് ഹൈക്കോടതിയുടെ നേരിട്ടുള്ള കര്ശന നിരീക്ഷണത്തിലായതാണ് സിപിഎമ്മിന് വിനയായത്. കേസില് ഇതുവരെ അറസ്റ്റിലായ ബോര്ഡ് പ്രസിഡന്റും ജീവനക്കാരുമെല്ലാം സിപിഎമ്മുകാരാണ്. സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ അറസ്റ്റുകള് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഇക്കാലയളവില് പത്മകുമാറിനെ ചോദ്യം ചെയ്യുകയും അറസ്റ്റിലേക്കു നീങ്ങുകയും ചെയ്താല് തെരഞ്ഞെടുപ്പുകാലത്ത് പാര്ട്ടിക്ക് വന് തിരിച്ചടിയുണ്ടാക്കും. ഇപ്പോള് തന്നെ പ്രതിപക്ഷം ശക്തമായ സമരവുമായി രംഗത്തുണ്ട്.2019ല് സ്വര്ണക്കവര്ച്ച നടന്നപ്പോള് എ. പത്മകുമാറായിരുന്നു പ്രസിഡന്റ് എന്നതിനാല് അദ്ദേഹത്തിന്റെ ഇടപെടലുകളെ ഒരുവിധത്തിലും മാറ്റിവയ്ക്കാനാകുന്നതല്ല. ചില തീയതികള്വച്ച് വാസു ഉന്നയിച്ച വാദമുഖങ്ങള് പോലും വിരല് ചൂണ്ടുന്നത് പത്മകുമാറിലേക്കാണെന്നും വ്യക്തമാണ്.

