കോട്ടയം: പോക്കറ്റടിയില്‍ വിദഗ്ധനായ ആള്‍ കഞ്ചാവു കേസില്‍ പിടിയിലായി. എക്‌സൈസ് പൊക്കിയപ്പോള്‍ കൈവശം 50 പൊതി കഞ്ചാവുമായിട്ടാണ് പിടിയിലായത്. പെരുവന്താനം അമലഗിരി പുത്തന്‍പുരയ്ക്കല്‍ ജയചന്ദ്രനെ (45)യാണ് വണ്ടന്‍പതാല്‍ എസ്റ്റേറ്റില്‍നിന്ന് പിടികൂടിയത്. തോട്ടം തൊഴിലാളികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടെ പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ടീം ആണ് പിടികൂടിയത്. ഏതാനും ദിവസങ്ങളായി ജയചന്ദ്രന്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
കമ്പത്തുനിന്ന് വാങ്ങിക്കൊണ്ടുവരുന്ന കഞ്ചാവ് ഒരു പൊതിക്ക് 200രൂപ നിരക്കിലാണ് ഇയാള്‍ വിറ്റിരുന്നത്. പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ പോക്കറ്റടി കേസുകളുണ്ട്. ശബരിമല സീസണിലാണ് പോക്കറ്റടി നടത്തിവന്നത്. ഒന്നര വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുള്ളയാളാണ്. പ്രിവന്റീവ് ഓഫീസര്‍ എം.വി. അജിത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. എന്‍. സുരേഷ്കുമാര്‍, കണ്ണന്‍, ശ്രീലേഷ് എന്നിവരും ടീമിലുണ്ടായിരുന്നു. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.