ചങ്ങനാശേരി: കഞ്ചാവ് കേസില്‍ അറസ്റ്റിലായവര്‍ സെല്ലേഴ്‌സ് ഗ്രൂപ്പ് രൂപീകരിച്ച് വില്പന നടത്തുന്നവരെന്ന് എക്‌സൈസ് സംഘം. ഇവരില്‍ നിന്നും പിടിച്ചെടുത്ത ബൈക്കില്‍ രഹസ്യ അറയും കണ്ടെത്തി. കൊല്ലം,ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ച് ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മൂന്നു മൊത്തവ്യാപാരികളെയാണ് 240 പൊതികളുമായി ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പിടികൂടിയത്. ചങ്ങനാശേരി ചെത്തിപ്പുഴ വില്ലേജില്‍ വെരൂര്‍ പരേകുടിയില്‍ വീട്ടില്‍ ഷൊറോണ്‍ നജീം (35), ചങ്ങനാശേരി നാലുകോടി പുന്നാട്ട് തറയില്‍ വീട്ടില്‍ സാംജോ പി.എസ് (25), ചെത്തിപ്പുഴ ഭാഗത്തുള്ള വടക്കേതില്‍ വീട്ടില്‍ ശശി വി.കെ (56) എന്നിവരാണ് പിടിയിലായത്.
കഞ്ചാവ് സെല്ലേഴ്‌സ് എന്ന ഒരു ഗ്രൂപ്പ് രൂപീകരിച്ച് വിവിധ ജില്ലകളില്‍ കഞ്ചാവ് ട്രെയിന്‍ മാര്‍ഗവും ബൈക്ക് മാര്‍ഗവും പാഴ്‌സല്‍ സര്‍വീസ് മാര്‍ഗവുമാണ് ഇവര്‍ കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നത്. കഞ്ചാവ് ആവശ്യമുള്ളവര്‍ ഇവരെ ബന്ധപ്പെടുമ്പോള്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും മേല്‍പറഞ്ഞ രീതികളില്‍ കഞ്ചാവ് എത്തിച്ചു കൊടുക്കുകയാണ് പതിവ്.
തുണി വ്യവസായവുമായി നില്‍ക്കുന്ന ഷൊറോണ്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. തുണിത്തരങ്ങള്‍ക്കിടയില്‍ കഞ്ചാവ് ഒളിപ്പിച്ചാണ് സാംജോ കഞ്ചാവ് എത്തിക്കുന്നത്. കാലിലും നെഞ്ചിലും കഞ്ചാവ് കെട്ടിവെച്ചാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത്.
40 വര്‍ഷത്തിലധികമായി കഞ്ചാവ് വില്‍പ്പനയില്‍ വ്യാപൃതനായ ശശി കേരളത്തില്‍ തന്നെ അറിയപ്പെടുന്ന കഞ്ചാവ് വില്‍പ്പനക്കാരനാണ്. ഷൊറോണിനെയും സാജോയെയും കഞ്ചവ് വില്‍പ്പന രംഗത്തേക്ക് കൊണ്ടുവന്നത് ശശിയാണ്. തമിഴ്‌നാട്, കമ്പം ഭാഗങ്ങളില്‍ നിന്ന് വിലക്കുറച്ച് എടുത്തു കൊണ്ടുവരുന്ന കഞ്ചാവ് പത്തിരട്ടി വിലയ്ക്കാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. കോഡ് ഭാഷകള്‍ ഉപയോഗിച്ചാണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്.
കഞ്ചാവിന് ഇവര്‍ കൊടുത്തിരിക്കുന്ന കോഡ് ഭാഷ ഉന്മാദം എന്നാണ്. ഇവരില്‍ നിന്നും പിടിച്ചെടുത്ത ബൈക്കില്‍ രഹസ്യ അറകള്‍ എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി മോഷണ കേസുകളിലും അടിപിടി കേസുകളിലും പ്രതിയായ ഇവരുടെ കീഴില്‍ ഏജന്റായി ധാരാളം പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പിടികൂടി ഒരു മണിക്കൂറിനുള്ളില്‍ ഇവരുടെ ഫോണിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരുടെ കോളുകളാണ് വന്നത്.
കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ സജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.എസ് ഉണ്ണികൃഷ്ണന്‍, രതീഷ് കെ.നാണു, മനോഷ്കുമാര്‍, റ്റി.സന്തോഷ്, ബിനോയ്, കെ.മാത്യു, ആര്‍.കെ രാജീവ്, അനില്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.