കുമളി: കഞ്ചാവ് കടത്താന്‍ ശ്രമിച്ച പ്രതികളെ പിടികൂടുന്നതിനിടെ എക്‌സൈസ് സംഘത്തിന് നേരെ ആക്രമണം. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍രാജ്, ഉദ്യോഗസ്ഥനായ രാജശേഖരന്‍, അനിഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ക്ക് നേരെ കഞ്ചാവ് കടത്താനെത്തിയ രണ്ടംഗ സംഘം മുളക് സ്‌പ്രേ പ്രയോഗിച്ചു. കണ്ണിന് ഗുരുതരമായി പരിക്കേറ്റെങ്കിലും എക്‌സൈസ് സംഘം പ്രതികളെ കീഴ്‌പ്പെടുത്തി. കോട്ടയം സ്വദേശി സനല്‍(22), ചുങ്കം സ്വദേശി തോമസ് (21) എന്നിവരെയാണ് കീഴ്‌പ്പെടുത്തിയത്.
ഇവരില്‍ നിന്ന് രണ്ടുകിലോ കഞ്ചാവും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ സനലിനെ ദുരൂഹ സാഹചര്യത്തില്‍ വണ്ടിപ്പെരിയാറില്‍ ഇന്നലെ ഉച്ചമുതല്‍ കണ്ടിരുന്നു. ഇയാളുടെ നീക്കങ്ങള്‍ എക്‌സൈസ് സംഘം നിരീക്ഷിച്ചിരുന്നു. ഇതിനിടെയാണ് കഞ്ചാവുമായി തോമസ് സനലിന്റെ അടുത്ത് എത്തിയത്. ഇവര്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി പുറപ്പെടാനൊരുങ്ങുന്നതിനിടെയാണ് എക്‌സൈസ് സംഘം സ്ഥലത്തെത്തി. മല്‍പ്പിടുത്തത്തില്‍ പ്രതികളെ കീഴ്‌പ്പെടുത്തുന്നതിനിടെയാണ് തോമസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്.
കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടും പ്രതികളെ കീഴ്‌പ്പെടുത്തി. സംഭവം അറിഞ്ഞ് നിരവധിയാളുകള്‍ സ്ഥലത്ത് ഒത്ത് കൂടി. പരിക്കേറ്റ ഉദ്യോഗസ്ഥരെ വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നു പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുപത്തിയൊന്നുകാരനായ തോമസ് നാലു കഞ്ചാവ് കേസുകളിലെ പ്രതിയാണ്. ഇന്നലത്തെ സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പോലീസ് കേസും ഉണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.