നാദാപുരം: കാല്‍പന്ത് കളിക്കൊപ്പം കടത്തനാടന്‍ കളിക്കളത്തില്‍ ഇനി അമ്പെയ്ത്ത് പരിശീലനവും. പുറമേരി കിംസിന്റെ നേതൃത്വത്തില്‍ കടത്തനാട് രാജാസ് ഹൈസ്ക്കൂള്‍ ഗ്രൗണ്ടിലാണ് അവധിക്കാലത്ത് കുട്ടികള്‍ക്കായി അമ്പെയ്ത്തില്‍ പരിശീലനം നല്‍കുന്നത്. 15 ഓളം കുട്ടികള്‍ ഇവിടെ പരിശീലനത്തിനായി എത്തുന്നുണ്ട്. ദേശീയ താരം വയനാട് പടിഞ്ഞാറെത്തറ സ്വദേശി ശ്രീജിത്താണ് പരിശീലകന്‍. ആഴ്ചയിലൊരു ദിവസമാണ് ഇപ്പോള്‍ പരിശീലനം നടക്കുന്നത്.
മേഖലയില്‍ അമ്പെയ്ത്ത് നേരത്തെ ആദിവാസികള്‍ക്കിടയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ശാസ്ത്രീയമായ പരിശീലനം ഇവര്‍ക്കും ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അമ്പെയ്ത്ത് മല്‍സരങ്ങളും മേഖലയില്‍ കുറവാണ്. വോളിബോളിലും, ഫുട്‌ബോളിലും ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വര്‍ഷങ്ങളായി ഈ ഗ്രൗണ്ടില്‍ പരിശീലനം നല്‍കി വരുന്നുണ്ട്. മുമ്പ് കണ്ട് പരിചയമില്ലാത്തതിനാല്‍ അമ്പെയ്ത്ത് പരിശീലനം കാണാന്‍ നിരവധി ആളുകള്‍ എത്തുന്നുണ്ട്.