കടപ്പാറമലയിലെ സൂര്യതേജസായി ഫുള്‍ എ പ്ലസുകാരി സൂര്യ

pkd-suryaplusമംഗലംഡാം: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി പി.എസ്.സൂര്യ എന്ന മിടുക്കി കടപ്പാറ മലയിലെ സൂര്യതേജസായി മാറി. പരിമിതികളും ഇല്ലായ്മകളും അതിജീവിച്ച് നേടിയ ഈ വിജയത്തിന് പൊന്‍തിളക്കമുണ്ട്. കടപ്പാറ സ്കൂള്‍പടിയില്‍ താമസിക്കുന്ന ടാപ്പിംഗ് തൊഴിലാളി സുരേഷ് കുമാറിന്റെയും തൊഴിലുറപ്പു തൊഴിലാളിയായ പ്രിയയുടെയും രണ്ടുമക്കളില്‍ മുത്തവളാണ് സൂര്യ. മംഗലംഡാം ലൂര്‍ദ്്മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. കണക്കാണ് സൂര്യയുടെ ഇഷ്ടപ്പെട്ട വിഷയം.

സ്കൂളിലെ കണക്കു ടീച്ചര്‍ അനിമോളുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ പ്രതിസന്ധികള്‍ മറികടന്ന് സൂര്യയ്ക്ക് വിജയിക്കാനായി. ആദ്യമായാണ് കടപ്പാറ മലയില്‍നിന്നുള്ള ഒരു കുട്ടി എസ്എസ്എല്‍സിക്ക് ഇത്രയും ശ്രദ്ധേയമായ വിജയം നേടുന്നത്. സൂര്യയുടെ വിജയത്തെ മലയോരവാസികളും ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. രണ്ടുവര്‍ഷംമുമ്പ് കടപ്പാറയ്ക്ക് വാഹനം പോകാവുന്ന നല്ല റോഡുപോലും ഉണ്ടായിരുന്നില്ല.

റോഡുവികസനത്തിന്റെ പേരില്‍ മൂന്നു നാലു വര്‍ഷം കടപ്പാറക്കാര്‍ അനുഭവിച്ച യാത്രാദുരിതം വിവരിക്കാനാകില്ല. മിക്ക ദിവസങ്ങളിലും ആറുകിലോമീറ്റര്‍ ദൂരം നടന്ന് പൊന്‍കണ്ടത്ത് എത്തി അവിടെ നിന്നാണ് ബസില്‍ ഡാമിലെ സ്കൂളിലെത്തുക.വൈകുന്നേരവും ഈ നടത്തവും ദുര്‍ഘടയാത്രകളും താണ്ടണം. കടപ്പാറയ്ക്ക് വൈദ്യുതി വെളിച്ചവും അന്യമായിരുന്നു. എന്നാല്‍ ഒന്നുമില്ലായ്മയില്‍നിന്നായിരുന്നു സൂര്യ പഠിച്ചു ശ്രദ്ധ നേടിയത്.  മംഗലംഡാം സ്കൂളില്‍ തന്നെ പ്ലസ് ടുവിന് പഠിക്കാനാണ് സൂര്യയ്ക്ക് താത്പര്യം.

Related posts