കോട്ടയം: കടുത്ത വേനല്‍ ചൂടില്‍ കന്നുകാലികളും രോഗത്തിന്റെ പിടിയില്‍. ഇതോടെ ക്ഷീരകര്‍ഷകര്‍ വലയുകയാണ്. ചൂടിന്റെ തോത് ഉയര്‍ന്നതോടെ വളര്‍ത്തുമൃഗങ്ങള്‍ക്കു പലവിധത്തിലുള്ള രോഗങ്ങളാണ് പിടിപെട്ടിരിക്കുന്നത്. മൃഗങ്ങള്‍ക്കും മരുന്നിനും ചികിത്സയ്ക്കുമായി ജില്ലയിലെ വിവിധ മൃഗാശുപത്രികള്‍ കയറിയിറങ്ങുകയാണ് കര്‍ഷകര്‍.
രാവിലെ മേയാന്‍ വിടുന്ന പശുക്കളെയും എരുമകളേയും 10മണിയോടെ തിരികെ കൂട്ടില്‍ കയറ്റണമെന്നും പീന്നിടു വൈകുന്നേരം അഞ്ചിനുശേഷമേ പുറത്തിറക്കാവുവെന്നുമാണ് മൃഗഡോക്്ടര്മാര് കര്‍ഷകര്‍ക്കു നല്കുന്ന നിര്‍ദേശം. പാടശേഖരങ്ങള്‍ പോലുള്ള തുറസായ സ്ഥലങ്ങളില്‍ കന്നുകാലികളെ മേയാന്‍ വിടുമ്പോള്‍ സൂര്യഘാതമേല്‍ക്കാനുള്ള സാധ്യതയുണ്ട്. നട്ടുച്ചയ്ക്കും മറ്റും തുറസായ സ്ഥലത്തും പാടത്തും മറ്റും തീറ്റയ്ക്കായി കെട്ടുന്ന മൃഗങ്ങള്‍ക്കാണു രോഗങ്ങള്‍ പിടിപെടുന്നതിലേറെയും. കൂടാതെ ശുദ്ധജലം ലഭിക്കാത്തതും രോഗങ്ങള്‍ പടരാന്‍ കാരണമാകുന്നു.
സാധാരണ നല്‍കുന്നതിന്റെ ഇരട്ടി വെള്ളം കുടിക്കാന്‍ നല്‍കണമെന്നാണ് ഡോക്്ടര്‍മാര്‍ പറയുന്നു. കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ് മൂലം മൃഗങ്ങള്‍ അഴുക്കുവെള്ളം കുടിക്കാനുള്ള സാധ്യതയും കൂടുതലാണ്. അഴുക്കുവെള്ളത്തിലൂടെ വയറിളക്കം പോലുള്ള രോഗങ്ങള്‍ കന്നുകാലികളില്‍ പിടിപെടാം. കൂടുതല്‍ ക്ഷീരകര്‍ഷകരും വയറിളക്ക രോഗത്തിനുള്ള പ്രതിവിധി തേടിയാണു മൃഗഡോക്്ടര്മാരുടെ മുന്നില്‍ എത്തുന്നത്. ഇതിനുപുറമെ നിര്‍ജലീകരണം എന്ന രോഗാവസ്ഥയാണ് കൂടുതലായി കണ്ടുവരുന്നത്. നിര്‍ജലീകരണം മൂലം ത്വക്ക് രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
ക്ഷീരകര്‍ഷകര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി കന്നുകാലികളുടെ തീറ്റയുടെ ദൗര്‍ലഭ്യമാണ്. ഇതുമൂലം പാലുല്പാദനത്തിലുള്ള ഗണ്യമായ കുറവാണ് രണ്ടു മാസത്തിനുള്ളില്‍ അനുഭവപ്പെട്ടിരിക്കുന്നത്. ചൂടുകൂടി നില്ക്കുന്ന ഉച്ചസമയത്ത് കാലിത്തീറ്റ കൊടുക്കരുത്. ചൂടു കുറഞ്ഞ സമയമായ രാവിലെയോ വൈകുന്നേരമോ മാത്രമേ കാലിത്തീറ്റയിട്ട വെള്ളം കൊടുക്കാവുവെന്നു മൃഗ ഡോക്്ടര്‍മാര്‍ പറഞ്ഞു. കന്നുകാലികള്‍ക്കു ശരീര ഊഷ്മാവ് വളരെ കൂടുതലാണ്. ഇതിനെ പ്രതിരോധിക്കാന്‍ ദിവസത്തില്‍ രണ്ടു നേരം കുളിപ്പിക്കണമെന്നും ഡോക്്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.