പേരൂര്‍ക്കട: സ്റ്റേഷണറി കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയും ഒരു കുട്ടിക്കള്ളനും വഞ്ചിയൂര്‍ പോലീസിന്റെ പിടിയിലായി. ഋഷിമംഗലത്തിനു സമീപത്തെ ഒരു കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ വഞ്ചിയൂര്‍ പാല്‍ക്കുളങ്ങരയില്‍ വാടകയ്ക്കു താമസിക്കുന്ന ശ്രീജിത്ത് (18), ഇയാളുടെ സഹായിയായി വന്ന ഒരു കുട്ടിക്കള്ളന് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ജൂണ്‍ 14നായിരുന്നു കേസിന്നാസ്പദമായ സംഭവം.
കടയില്‍നിന്ന് പണം, സിഗരറ്റ് പാക്കറ്റുകള്‍, ചോക്കലേറ്റ് പാക്കറ്റുകള്‍ എന്നിവയാണ് കവര്‍ച്ചചെയ്യപ്പെട്ടത്. സംഭവദിവസം പോലീസിന്റെ രാത്രികാല പട്രോളിംഗ് സംഘം മോഷ്ടാക്കളെ കണ്ടുവെങ്കിലും ഇവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കരമന സ്റ്റേഷനിലും പ്രതികള്‍ക്ക് എതിരേ മോഷണക്കേസുകള്‍ നിലവിലുണ്ട്. ശംഖുംമുഖം എസി മഹേഷ്കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ എസ്ഐ വി. സൈജുനാഥ്, എ എസ്ഐ സാഗര്‍, ക്രൈം എസ്ഐ മധുസൂദനന് നായര്‍, എസ്സിപിഒമാരായ എം.എസ്. ഷാജി, വി.കെ. രാജേഷ്, അശോകന്, വിനോദ്, ഷാഡോ ടീമിലെ യശോധരന്, ഹരിലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ശ്രീജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിക്കള്ളനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.