കണ്ണൂര്‍: ജില്ലയിലെ മുന്നണി സ്ഥാനാര്‍ഥികളില്‍ 14 പേര്‍ ഇന്നു രാവിലെ പത്രിക സമര്‍പ്പിച്ചു. രണ്ടുപേര്‍ ഉച്ചകഴിഞ്ഞും പത്രിക സമര്‍പ്പിക്കും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, മന്ത്രി കെ.പി. മോഹനന്‍, സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, സണ്ണി ജോസഫ്, സതീശന്‍ പാച്ചേനി, എ.പി. അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ പത്രിക സമര്‍പ്പിച്ചവരില്‍ ഉള്‍പ്പെടുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചവരില്‍ അധികവും. എല്‍ഡിഎഫിന്റെ ഏഴും യുഡിഎഫിന്റെ അഞ്ചും എന്‍ഡിഎയുടെ രണ്ടും സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. കണ്ണൂര്‍ കളക്ടറേറ്റിലാണു ഭൂരിഭാഗം പേരും പത്രിക സമര്‍പ്പിച്ചത്. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണു സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പണത്തിനെത്തിയത്. ഇടതു സ്ഥാനാര്‍ഥികളായ രാമചന്ദ്രന്‍ കടന്നപ്പള്ളി-കണ്ണൂര്‍, എം.വി. നികേഷ് കുമാര്‍-അഴീക്കോട് എന്നിവര്‍ ഉച്ചകഴിഞ്ഞു പത്രിക സമര്‍പ്പിക്കും.
യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ കെ.എം. ഷാജി-അഴീക്കോട്, സതീശന്‍ പാച്ചേനി-കണ്ണൂര്‍ എന്നിവര്‍ കളക്ടറേറ്റിലും സണ്ണി ജോസഫ് (പേരാവൂര്‍) കണ്ണൂരിലെ ഡിഎഫ്ഒ ഓഫീസിലും പത്രിക സമര്‍പ്പിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥികളായ ബിജു ഏളക്കുഴി-മട്ടന്നൂര്‍, പൈലി വാത്യാട്ട്-പേരാവൂര്‍ എന്നിവരും പത്രിക സമര്‍പ്പിച്ചു.