തലശേരി: അനധികൃതമായി കടത്തുകയായിരുന്ന 20 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായ സംഭവത്തില്‍ തലശേരിയിലെ ജ്വല്ലറി ഉടമയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. ഇന്നലെ വൈകുന്നേരമാണ് ടൗണ്‍ സിഐ പി.എം. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേലൂട്ട് മഠപ്പുര റോഡിലെ ജ്വല്ലറി ഉടമയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
പണവുമായി മൈസൂരുവില്‍നിന്നും തലശേരിയിലേക്കുള്ള സ്വകാര്യ ബസിലെത്തിയ മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ സ്വദേശി രാഹുല്‍ പ്രകാശ് ഷിന്‍ഡെ (22)യെയാണ് ഇന്നലെ തലശേരി ടൗണ്‍ സിഐ പി.എം. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സിഐക്കു പുറമെ എഎസ്‌ഐ അജയന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജിലാല്‍, സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ധരിച്ച ഷര്‍ട്ടിനടിയില്‍ പ്രത്യേകം തയാറാക്കിയ ജാക്കറ്റിനുള്ളില്‍ നിറച്ചനിലയിലായിരുന്നു പണമുണ്ടായിരുന്നത്. ജ്വല്ലറി ഉടമയ്ക്കാണ് ഇയാള്‍ പണം എത്തിച്ചതെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. കേസിന്റെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരും ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരും ഇന്ന് തലശേരിയിലെത്തും. അറസ്റ്റിലായ രാഹുല്‍ പ്രകാശിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിടികൂടിയ പണവും കോടതിയില്‍ ഹാജരാക്കുമെന്ന് സിഐ പി.എം. മനോജ് പറഞ്ഞു.
