മട്ടന്നൂര്‍: മഴയില്‍ കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് നിന്നും ചെളിയും മണ്ണും വീടുകളിലേക്ക് കുത്തിയൊഴുകിയതിനാല്‍ വന്‍ നാശം. ചെളിയും മണ്ണും വീട്ടുമുറ്റങ്ങളില്‍ തളം കെട്ടിക്കിടന്നത് വീട്ടുകാര്‍ക്ക് ദുരിതമായി. പദ്ധതി പ്രദേശത്തിന് തൊട്ടടുത്ത കല്ലേരിക്കരയിലെ കെ.സി പുരുഷോത്തമന്‍, പി.കെ. വേണുഗോപാല്‍ എന്നിവരുടെ വീടുകളിലും കൃഷിയിടങ്ങളിലുമാണ് ചെളി വ്യാപകമായി കുത്തിയൊഴുകി നാശമുണ്ടായിരിക്കുന്നത്. വീട്ടുമുറ്റത്തും മറ്റും ചെളി കെട്ടിക്കിടന്നതിനാല്‍ വീട്ടിലേക്ക് കയറാനും ഇറങ്ങാനും പോലുമാവാത്ത സ്ഥിതിയിലായി.
വീട്ടുകിണറും കൃഷിയിടത്തിലെ കിണറും മലിനജലം കയറി ഉപയോഗശൂന്യമായി. മുമ്പും പലതവണ ചെളിവെളളം കുത്തിയൊഴുകി വീട്ടില്‍ നാശമുണ്ടായതായും അധികൃതര്‍ ഇതിന് ശാശ്വത പരിഹാരം കാണണമെന്നും വീട്ടുക്കാര്‍ പറഞ്ഞു. വീട്ടുക്കാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു വിമാനത്താവള നിര്‍മാണ കമ്പനിയായ എല്‍ ആന്‍ഡ് ടിയുടെ തൊഴിലാളികള്‍ സ്ഥലത്തെത്തി വീടുകളും പരിസരവും ശുചീകരിച്ചു. പദ്ധതിപ്രദേശത്ത് നിന്ന് ചെളിവെളളം പുറത്തേക്ക് കുത്തിയൊഴുകുന്നത് തടയാന്‍ വേണ്ടി പദ്ധതി പ്രദേശത്ത് നിര്‍മാണ പ്രവൃത്തി നടത്തുന്നുണ്ട്.