ആലപ്പുഴ: ഓട്ടുരുളിയിലെ കണിക്കൊന്നയും കണിവെള്ളരിയും ഫലവര്‍ഗങ്ങളും നാളികേരവുമടങ്ങുന്ന വിഷുക്കണി ദര്‍ശനം നാളെ. കണിയൊരുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും ആരംഭിച്ചുകഴിഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വിഷുക്കണിയിലെ പ്രധാന ഇനങ്ങളായ കണിവെള്ളരിയും ചെറിയ മത്തനും വിപണികളിലെത്തിയിരുന്നു. മഞ്ഞനിറമുള്ള കണിവെള്ളരിക്കാണ് ആവശ്യക്കാരേറെയും. ഇതോടൊപ്പം മാങ്ങയും ചക്കയും ആപ്പിളും മുന്തിരിയുമെല്ലാം വിഷുക്കണി ഉരുളിയിലുണ്ടാകും. മേടമാസത്തിലെ വിഷുപ്പുലരിയില്‍ കാണുന്ന കണിയുടെ പുണ്യം വര്‍ഷം മുഴുവന്‍ നീണ്ടുനില്ക്കുമെന്നതാണ് വിശ്വാസം.
ജില്ലയിലെ ക്ഷേത്രങ്ങളില്‍ വിഷു കണി ദര്‍ശനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നാളെ രാവിലെ 3.15 മുതല്‍ ആറുവരെയാണ് വിഷുകണി ദര്‍ശനം. ഇന്ന് അത്താഴപൂജയ്ക്കുശേഷം തിരുവാഭരണം വിഗ്രഹത്തില്‍ ചാര്‍ത്തി പ്രത്യേക വെള്ളിപാത്രത്തില്‍ പരമ്പരാഗത രീതിയില്‍ കണിയൊരുക്കും. നാളെ പുലര്‍ച്ചെ നടതുറന്ന് ഭഗവാനെ കണികാണിച്ചശേഷമാണ് ഭക്തര്‍ക്ക് കണി ദര്‍ശനം. ക്ഷേത്രങ്ങളില്‍ ശ്രീകോവിലിനകത്തോ മണ്ഡപത്തിലോ ആണ് വിഷുകണി ഒരുക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍ കൃഷ്ണവിഗ്രഹവും കണിയുരുളിയുമായി വീട്ടുകാരെ കണികാണിക്കാനുള്ള സംഘങ്ങളും വീടുകള്‍ തോറും കയറിയിറങ്ങും.
പ്രധാനമായും കുട്ടികളാണ് ഈ സംഘത്തിലുള്‍പ്പെടുന്നവരിലേറെയും. വിഷുവിന്റെ പ്രതീകമായ കണിക്കൊന്ന പൂക്കള്‍ ഇന്നുച്ചയ്ക്കുശേഷം വില്പനയ്‌ക്കെത്തും. മുല്ലയ്ക്കല്‍ തെരുവില്‍ ഉച്ചയ്ക്കുശേഷമാണ് കണിക്കൊന്ന പൂവ് വില്‍പന പൊടിപൊടിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നാട്ടിന്‍ പുറങ്ങളില്‍ നിന്നുതന്നെയാണ് കണിക്കൊന്നയെത്തിച്ചിരുന്നതെങ്കില്‍ ഇത്തവണ തമിഴ്‌നാട്ടില്‍ നിന്നുള്ള പൂവും വിപണിയിലുണ്ട്. കൂടാതെ എന്തിനും ബദല്‍ ഒരുക്കുന്ന ചൈനക്കാരന്റെ പ്ലാസ്റ്റിക് കണിക്കൊന്ന പൂക്കളും വിപണിയില്‍ സുലഭമാണ്.