കതക് തുറന്നാല്‍ സംഗീതം: ആറാംക്ലാസുകാരന്റെ മിടുക്കില്‍ പഠനമുറി അത്ഭുതലോകം

ktm-amruthuമുക്കൂട്ടുതറ: എലിവാലിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി അമൃതേഷിന്റെ ഇലക്ട്രിക്കല്‍ വിദ്യകള്‍ കണ്ടാല്‍ ആരും അത്ഭുതപ്പെടും. സ്ഫടികം സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ച ആടുതോമയെന്ന കഥാപാത്രത്തിന്റെ ബാല്യകാലംപോലെ അമൃതേഷിന്റെ വീട്ടിലെ പഠനമുറി നിറയെ അത്ഭുതങ്ങളുടെ ലോകമാണ്. സോപ്പ് പെട്ടികളിലും പാഴ് വസ്തുക്കളിലുമായി എല്ലാം അമൃതേഷ് തന്നെ നിര്‍മിച്ചവയാണ്. പഠനമുറിയിലേക്ക് കതക് തുറന്നാലും അടച്ചാലും ഉടന്‍ അകമ്പടിയായി സംഗീതമുണ്ടാകും. സ്റ്റഡി ടേബിളിന്റെ ഡ്രോയറുകള്‍ ചലിക്കുമ്പോഴും കൂട്ടിന് സംഗീതമുണ്ട്.

കളിപ്പാട്ട കാറിന്റെ മോട്ടോറുകളും റീ ചാര്‍ജബിള്‍ ബാറ്ററിയും എല്‍ഇഡി ബള്‍ബുകളും ബൈക്കിന്റെ സ്വിച്ചും ഉപയോഗിച്ച് സോപ്പ് പെട്ടിക്കുള്ളില്‍ നിര്‍മിച്ച എമര്‍ജന്‍സി ലാമ്പ് ആണ് വൈദ്യുതി പോകുമ്പോള്‍ അമൃതേഷിന്റെ വിളക്ക്. ചാര്‍ജ് ചെയ്താല്‍ രണ്ടു മണിക്കൂര്‍ വരെ ഇത് പ്രകാശിക്കുമെന്ന് ഈ കൊച്ചു മിടുക്കന്‍ പറയുന്നു.

ഉപയോഗശൂന്യമായ കളിപ്പാട്ടങ്ങളിലെ മോട്ടോറുകളും പല്‍ചക്രങ്ങളും പാര്‍ട്‌സുകളുമെല്ലാം വൈവിധ്യമേറിയ വിവിധ ഇലക്ട്രിക് വിസ്മയങ്ങളാക്കി മാറ്റിയിരിക്കുകയാണ്. സ്വന്തം സൈക്കിളില്‍ ബ്രേക്ക് കട്ടകളില്‍ നിന്നു വരെ വൈദ്യുതി കണെ്ടത്തിയിരിക്കുന്നു. സൈക്കിളിന്റെ ഡൈനോമക്ക് ഊര്‍ജം കൂട്ടി പ്രകാശത്തിന്റെ ശക്തി വര്‍ധിപ്പിക്കാനും ചെപ്പടി വിദ്യകളാണ് ചെയ്തിരിക്കുന്നതെന്ന് കാണുമ്പോള്‍ അത്ഭുതപ്പെട്ടുപോകും.

അമൃതേഷിന്റെ വൈദഗ്ധ്യത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു മാതാപിതാക്കളും നാട്ടുകാരും. മൂക്കുട്ടുതറ മുപ്പത്തഞ്ച് പുളിങ്കുന്നേല്‍ ബിജുവിന്റെയും ജയന്തിയുടെയും ഏക മകനാണ് ഈ കൊച്ചുമിടുക്കന്‍.

Related posts