ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യകുമാറടക്കം അഞ്ചു ജെഎന്‍യു വിദ്യാര്‍ഥികളെ ബഹിഷ്കരിക്കാന്‍ ഉന്നതാധികാര സമിതി നിര്‍ദേശം. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല് ഗുരുവിന്റെ അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതായുള്ള റിപ്പോര്‍ട്ടുകളെ കുറിച്ച് അന്വേഷിച്ച സമിതിയാണു കനയ്യ അടക്കമുള്ള വിദ്യാര്‍ഥികളെ ബഹിഷ്കരിക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. കനയ്യക്കു പുറമേ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെയും മറ്റു രണ്്ടുപേരെയും ബഹിഷ്കരിക്കാനാണു കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ വിസി എം. ജഗദീഷ്കുമാറായിരിക്കണം അന്തിമ തീരുമാനം കൈക്കൊള്ളേണ്്ടതെന്നും റിപ്പോര്ട്ടിലുണ്്ട്.
നേരത്തെ, സര്‍വകലാശാലയില്‍ അഫ്സല് ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് 21 വിദ്യാര്‍ഥികള്‍ക്കു സര്‍വകലാശാലാ അധികൃതര്‍ തിങ്കളാഴ്ച കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ജെഎന്‍യു വിസി എം. ജഗദീഷ്കുമാറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന യോഗത്തിലാണു തീരുമാനം. സംഭവത്തില്‍ യൂണിവേഴ്സിറ്റി നിയോഗിച്ച അഞ്ചംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണു നടപടി. മാര്‍ച്ച് 16നു മുമ്പ് മറുപടി നല്‍കണമെന്നും വിദ്യാര്‍ഥികളോടു സര്‍വകലാശാല നിര്ദേശിച്ചിട്ടുണ്്ട്. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ വിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍ സര്‍വകലാശാല പുറത്തുവിട്ടിട്ടില്ല.
ഫെബ്രുവരി ഒമ്പതിനാണു ജെഎന്‍യുവില്‍ അഫ്സല്‍ഗുരു അനുസ്മരണം നടന്നത്. ഈ യോഗത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നാരോപിച്ചു ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യകുമാര്‍, വിദ്യാര്‍ഥികളായ അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ കനയ്യകുമാറിനു മാത്രമാണു ജാമ്യം ലഭിച്ചത്.