പത്തനംതിട്ട: കള്ളക്കേസില്‍ കുടുക്കി ഗൃഹനാഥനെ വീട്ടില്‍ കയറ്റാതെ കുടുംബത്തെ ദ്രോഹിക്കുന്നതായി പരാതി. മണ്ണീറ കൊല്ലശേരില്‍ കെ. ജെ. സാമുവലിന്റെ ഭാര്യ ബിന്ദു പി. ചെറിയാനാണ് പരാതിക്കാരി. ഇവരുടെ വീടിന് സമീപം താമസിക്കുന്ന ഏതാനും പേര് ചേര്‍ന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് സാമുവേലിനെയും സഹോദരനെയും നിരന്തരം ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നതായി ബിന്ദു പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഓഗസ്റ്റ് 29ന് ഭര്‍ത്താവിനെയും സഹോദരനെ യും സംഘം ചേര്‍ന്ന് ആക്രമിച്ചു. ഒക്ടോബര്‍ 11നും ഇതേപോലെ സംഭവമുണ്ടായി. കള്ളക്കേസില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തിട്ടുള്ളതായി ബിന്ദു പറഞ്ഞു. പോലീസിന്റെയും അക്രമി സംഘത്തിന്റെയും ഭീഷണി കാരണം ഭര്‍ത്താവ് വീട്ടിലേക്ക് വരുന്നില്ലെന്നും അവര്‍ പറഞ്ഞു. കിണറ്റില്‍ വിഷവും മാലിന്യവും കലര്‍ത്തിയും ദ്രോഹിക്കുന്നു.
നീതിതേടി ജില്ലാ പോലീസ് മേധാവി, വനിതാ ഹെല്പ്ലൈന് എന്നിവരെ സമീപിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പോലീസ് നിരന്തരം തങ്ങളുടെ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തുകയാണ്. ലൈസന്‍സ് ഇല്ലാതെ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനെതിരെ രംഗത്തുവന്നതാണ് അക്രമിസംഘത്തിന്റെ വിദ്വേഷത്തിന് കാരണമെന്ന് സംശയിക്കുന്നതായും ബിന്ദു പറഞ്ഞു. ഭരണകക്ഷിയില്‍പ്പെട്ട ചിലരുടെ പിന്തുണ അക്രമസംഘത്തിന് ലഭിക്കുന്നതായും ബിന്ദു ആരോപിച്ചു.