പറവൂര്‍: സ്വകാര്യ ബസില്‍ കയറുന്നതിനിടയില്‍ ബസ് മുന്നോട്ടെടുത്തതിനെത്തുടര്‍ന്നു ബസിന്റെ ചവിട്ടുപടിയില്‍ നിന്നും തെറിച്ചു റോഡില്‍ വീണ വീട്ടമ്മയ്ക്കു പരിക്കേറ്റു. ഭാഗ്യംകൊണ്ടു വലിയ അപകടത്തില്‍ നിന്നു രക്ഷപ്പെടുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. നീണ്ടൂര്‍ കാക്കനാട് വീട്ടില്‍ റിട്ട. എസ്‌ഐ ജഗല്‍ചന്ദ്രന്റെ ഭാര്യ സജിനി (59) ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ സജിനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ കോട്ടയ്ക്കകം ക്ഷേത്രത്തിലെത്തി തിരികെ വീട്ടിലേയ്ക്ക് പോകുന്നതിനായി ഭാരതറാണി എന്ന സ്വകാര്യ ബസില്‍ കയറുമ്പോഴായിരുന്നു അപകടം.
ബസിന്റെ മുന്‍വശത്തെ വാതിലിലെ ചവിട്ടുപടിയില്‍ കാല്‍വച്ചപ്പോഴേയ്ക്ക് ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു. ബസില്‍ നിന്നും പിടിവിട്ടുപോയ സജിനി റോഡിലേയ്ക്ക് തെറിച്ചു വീണു. സമീപത്തുണ്ടായിരുന്നവര്‍ ബഹളമുണ്ടാക്കിയതിനാല്‍ ബസ് നിര്‍ത്തി. സജിനി ബസിന്റെ പുറത്തേയ്ക്ക് വീണതിനാല്‍ ദുരന്തം ഒഴിവായി. വലതുകൈയ്ക്ക് ചതവും മുറിവുകളുമുണ്ട്. 17 തുന്നല്‍ ഇട്ടിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ അമിത വേഗത്തിലുള്ള ഓട്ടത്തിനെതിരെ പറവൂര്‍, വരാപ്പുഴ മേഖലകളില്‍ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടയാലണ് ഇപ്പോഴത്തെ ഈ സംഭവം.
യാത്രക്കാര്‍ ബസില്‍ കയറിയിട്ടുണ്ടോയെന്ന് ഉറപ്പാക്കാതെ വാഹനം മുന്നോട്ട് എടുക്കുന്നത് പതിവാണ്. പറവൂര്‍, കൊട്ടുവള്ളിക്കാട്, ചെറായി, എന്നിവിടങ്ങളിലായി ഇത്തരത്തില്‍ ഈയിടെ മൂന്നു അപകടങ്ങളുണ്ടായിട്ടുണ്ട്. ബസ് ജീവനക്കാരുടെ നടപടി ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മരണപ്പാച്ചിലിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെ ഏതാനും ദിവസം മുന്‍പ് വള്ളുവള്ളിയില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ് യുവാവിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചുണ്ടായ അപകടത്തില്‍ ക്രിസ്റ്റഫര്‍ ജോയ് (22) മരിച്ചു. ബസുകള്‍ ഇപ്പോഴും അമിത വേഗവും അശ്രദ്ധയും തുടരുകയാണ്. കാര്യമായ നടപടികളെടുക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ക്കും സാധിച്ചിട്ടില്ല.