ശ്രീകണ്ഠപുരം: ജനശ്രീ ഇരിക്കൂര്‍ ബ്ലോക്ക് മുന്‍ ചെയര്‍മാനും ഇരിക്കൂര്‍ നിയോജകമണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ അഡ്വ. ബിനോയ് തോമസിനെയും സംഘത്തെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കരയത്തുംചാലില്‍ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കരയത്തുംചാല്‍ ഞണ്ണമലയിലെ നെടുംകണ്ടത്തില്‍ ജോണ്‍, തുണ്ടത്തില്‍ ബിജു തുടങ്ങി കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരേയാണ് കേസെടുത്തത്.
ശ്രീകണ്ഠപുരം എസ്‌ഐ പി.വി. സജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികള്‍ക്കായി വീടുകളില്‍ റെയ്ഡ് നടത്തിയെങ്കിലും ആരെയും പിടികൂടിയില്ല. ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ബിനോയ് തോമസിനു വോട്ടഭ്യര്‍ഥിച്ചു കരയത്തുംചാലില്‍ വീടുകള്‍ കയറി പ്രചാരണം നടത്തിയ ചിലരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നു.
ഇത് അന്വേഷിക്കാനെത്തിയതായിരുന്നു ബിനോയ് തോമസ്. തുടര്‍ന്നു കരയത്തുംചാല്‍ സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തിലെത്തി വികാരിയെ കണ്ട് അനുഗ്രഹം വാങ്ങി കാറില്‍ മടങ്ങുന്നതിനിടെ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ തടയുകയും ബിനോയ് തോമസിനെയും ബെന്നിയേയും കല്ലുകൊണ്ടും കൈ കൊണ്ടും മര്‍ദിക്കുകയായിരുന്നുവെന്നു പറയുന്നു. ഈ സമയം ഇതുവഴിയെത്തിയ ബിനോയ് തോമസിന്റെ പ്രചാരണ വാഹനത്തിനുനേരേയും അക്രമമുണ്ടായി. പരിക്കേറ്റ ബിനോയ് തോമസ് (47), ചെറിയങ്കാലായില്‍ ബെന്നി (45), കണ്ണോലില്‍ ബേബി (52) എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.