കരുനാഗപ്പള്ളിയില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് ഇരുമുന്നണികള്‍ക്കും പ്രതീക്ഷയേകുന്നു

alp-voteannalകരുനാഗപ്പള്ളി: വോട്ടെണ്ണുന്നതിന് മണിക്കൂറുകള്‍  മാത്രം ശേഷിക്കെ കരുനാഗപ്പള്ളിയില്‍ ഹൃദയമിടുപ്പ് വര്‍ധിച്ച് സ്ഥാനാര്‍ഥികള്‍. ജില്ലയിലെ ഏറ്റവും കൂടിയ പോളിംഗ് നടന്നത് കരുനാഗപ്പള്ളിയിലാണ് ഇത് കാരണം ഇരുമുന്നണികളും വലിയ വിജയപ്രതീക്ഷയിലാണ്. ശക്തമായ പോരാട്ടത്തിനായിരുന്നു മണ്ഡലം വേദിയായത്. സിപിഐ ജില്ലാസെക്രട്ടറിയും എല്‍ഡിഎഫ് ജില്ലാകണ്‍വീനറുമായ ആര്‍.രാമചന്ദ്രനും യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ സി.ആര്‍.മഹേഷും തമ്മിലായിരുന്നു പ്രധാന മത്സരം. എന്‍ഡിഎ സ്ഥാനാര്‍ഥി ബിഡിജെഎസിലെ വി.സദാശിവന് കിട്ടുന്ന വോട്ടും മുന്നണി സ്ഥാനാര്‍ഥികളുടെ ജയപരാജയത്തെ ബാധിക്കും. അവസാനവട്ട കൂട്ടലും കിഴിക്കലുമായി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. അയ്യായിരത്തില്‍പരം വോട്ടിന് എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തുമെന്നും അവര്‍ പറയുന്നു.

എന്നാല്‍ വിജയിക്കുമെന്ന് പൊതുവേ അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെന്നും നല്ലഭൂരിപക്ഷത്തോടെ കരുനാഗപ്പള്ളി പിടിച്ചെടുക്കാന്‍ കഴിയുമെന്നുമാണ്  യൂഡിഎഫ് നേതാക്കള്‍ പറയുന്നത്.ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് കരുനാഗപ്പള്ളിയില്‍ രേഖപ്പെടുത്തി. 79.24 ശതമാനം വോട്ടര്‍മാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.ആകെ ഉള്ള 203244 വോട്ടര്‍മാരില്‍ 74542 പുരുഷവോട്ടര്‍മാരും 86501 വനിതാവോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി.161043 ആണ് ആകെ പോളിംഗ് നടന്നത്. 2011ല്‍ 75.43 ശതമാനം ആയിരുന്നു. അന്ന് 137809 പേരാണ് വോട്ട് ചെയ്തത്. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 75.95 ശതമാനമായിരുന്നു വോട്ടിംഗ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യൂഡിഎഫിനായിരുന്നു മുന്‍തൂക്കം. അസംബ്ലി തെരഞ്ഞെടുപ്പില്‍ മണ്ഡലം ആര്‍ക്ക് അനുകൂലമായി വിധിയെഴുതുമെന്ന് നാളെ കണ്ടറിയാം.

കരുനാഗപ്പള്ളിയിലെയും ചവറയിലെയും  വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങള്‍ സീല്‍ ചെയ്ത് കരുനാഗപ്പള്ളിയിലുള്ള സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങള്‍ കരുനാഗപ്പള്ളിയുപിജിഎസിലും, ചവറ നിയോജകമണ്ഡലത്തിലെ വോട്ടിംഗ് ്‌യന്ത്രങ്ങള്‍  ടൗണ്‍ ഗവ.എല്‍പിഎസിലും ആണ് സൂക്ഷിച്ചിരിക്കുന്നത്. ഇതേ കേന്ദ്രങ്ങളില്‍ വച്ച് തന്നെയാണ് നാളെ വോട്ടെണ്ണലും നടക്കുന്നത്. അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ തന്നെ വോട്ടെണ്ണെല്‍കേന്ദ്രത്തിന്റെ സുരക്ഷചുമതല ഏറ്റെടുക്കും. പുറത്ത് നിന്നുള്ള ആരെയും കൗണ്ടിംഗ് സ്റ്റേഷനിലേക്ക് കടത്തി വിടില്ല. ദേശീയപാതയില്‍ ഗതാഗതം തടസപ്പെടുത്തി കൊണ്ടു അതിരുവിട്ട ആഹഌദപ്രകടനങ്ങള്‍അനുവദിക്കില്ല. അനിഷ്ട സംഭവങ്ങള്‍ ഓഴിവാക്കാന്‍ ശക്തമായ പോലീസിനെ കൗണ്ടിംഗ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ നിയോഗിക്കും.

ചവറയിലെ വോട്ടെണ്ണുന്ന കരുനാഗപ്പള്ളി ടൗണ്‍എല്‍പിഎസിലേക്കുള്ള പോലീസ് സ്‌റ്റേഷന്‍ -കല്ലുംമൂട്ടില്‍കടവ് റോഡില്‍ ഭാഗികമായി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. നാളെ രാവിലെ ജനവിധി നിര്‍ണയിക്കുന്നതോടെ രണ്ടരമാസക്കാലം നീണ്ട് നിന്ന തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് തിരശീല വീഴും .അതോടൊപ്പം പ്രവര്‍ത്തകരുടേയും സ്ഥാനാര്‍ഥികളുടെയും ആശങ്കയും അവസാനിക്കും.

Related posts