മൂവാറ്റുപുഴ: വേനല്‍ച്ചൂടു കൂടിയതോടെ പൈനാപ്പിള്‍ വില ഉയര്‍ന്നു. വിലയിടിവുമൂലം നട്ടം തിരിയുന്ന കര്‍ഷകര്‍ക്കിത് ഏറെ ആശ്വാസമായി. മാസങ്ങളായി കിലോഗ്രാമിന് 10 മുതല്‍ 12 രൂപ വരെയായിരുന്നു വില. എന്നാല്‍, വേനല്‍ച്ചൂട് വര്‍ധിച്ചതോടെ വില 22 മുതല്‍ 25 വരെയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം വാഴക്കുളം മാര്‍ക്കറ്റില്‍ പഴുത്തതിനു കിലോഗ്രാമിന് 25 രൂപയും പച്ചയ്ക്ക് 23 രൂപയുമായിരുന്നു വില. ഓറഞ്ച് ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളുടെ വരവു കുറയുകയും വില കൂടുകയും ചെയ്തത് പൈനാപ്പിളിനു ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായി. ഇതിനു പുറമേ കടുത്ത വേനലായതിനാല്‍ ഉത്പാദനവും ഗണ്യമായി കുറഞ്ഞു.
15 ടണ്‍ പൈനാപ്പിള്‍ ഉത്പാദനം ലഭിച്ചിരുന്ന തോട്ടങ്ങളില്‍ കടുത്ത ചൂടു മൂലം ഉത്പാദനം 10 ടണ്ണിലേക്കു ചുരുങ്ങിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കിലോഗ്രാമിനു 30 രൂപ വരെ ലഭിക്കേണ്ടതാണെന്നാണു മൊത്തവ്യാപാരികള്‍ പറയുന്നത്. എന്നാല്‍, വില ഒരു പരിധികഴിഞ്ഞ് ഉയര്‍ന്നാല്‍ ഡിമാന്‍ഡ് കുറയുമെന്നതിനാല്‍ വില ഉയര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണ്. റബര്‍, നാളികേരം, ജാതിക്ക തുടങ്ങിയ കര്‍ഷികോത്പന്നങ്ങളുടെ വിലയിടിവുമൂലം നട്ടം തിരിയുന്ന കര്‍ഷകര്‍ക്കു പൈനാപ്പിള്‍ വിലയിലുണ്ടായ വര്‍ധന അല്പം ആശ്വാസമായിട്ടുണ്ട്.
ഉത്പാദനച്ചെലവനുസരിച്ചു കിലോഗ്രാമിന് 20 രൂപയെങ്കിലും ലഭിച്ചാലേ നഷ്ടം കൂടാതെ കൃഷി മുന്നോട്ടു കൊണ്ടുപോകാനാവൂ എന്നു കര്‍ഷകര്‍ പറയുന്നു. മാസങ്ങളായുള്ള വിലയിടിവ് കൃഷിയിലുണ്ടാക്കിയ നഷ്ടം നിരവധി ചെറുകിട കര്‍ഷകരെ കൃഷിയില്‍നിന്നു പിന്തിരിപ്പിച്ചിരുന്നു. രണ്ടു ഹെക്ടര്‍ സ്ഥലത്തു വരെ കൃഷി ചെയ്യുന്ന കര്‍ഷകന്‍ വര്‍ഷത്തില്‍ രണേ്ടാ മൂന്നോ സീസണില്‍ മാത്രമാണു വിളവെടുപ്പു നടത്തുന്നത്. പലപ്പോഴും ഈ സമയത്തു നല്ല വില ലഭിക്കാറുമില്ല. ഇതോടെ കൃഷി വന്‍ നഷ്ടത്തിലാകും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൃഷി ഉപേക്ഷിച്ച ചെറുകിട കര്‍ഷകര്‍ അനവധിയാണ്. വാഴക്കുളം മാര്‍ക്കറ്റില്‍നിന്ന് 100 ടണ്‍ പൈനാപ്പിളെങ്കിലും രാജ്യത്തെ വിവിധ മാര്‍ക്കറ്റുകളിലേക്കു ദിവസവും പോകുന്നുണ്ട്.
എ ഗ്രേഡ് പൈനാപ്പിളിനു മാര്‍ക്കറ്റില്‍ കൂടുതല്‍ വില ലഭിക്കുമെങ്കിലും കൃഷിയിറക്കുന്ന ആദ്യവര്‍ഷം മാത്രമാണു മികച്ച വിളവ് ലഭിക്കുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ കര്‍ഷകനു പലപ്പോഴും ലഭിക്കുന്നത് ബി ഗ്രേഡിന്റെ വിലയാണ്. സംസ്ഥാനത്തിനകത്തും പുറത്തുമായി 50,000 ഏക്കര്‍ സ്ഥലത്തു പൈനാപ്പിള്‍ കൃഷിയുണെ്ടന്നാണു കണക്ക്. പ്രതിവര്‍ഷം 60,000 ടണ്‍ ഉത്പാദനം നടക്കുന്നുണ്ട്. പ്രതിവര്‍ഷം 600 കോടി രൂപ പൈനാപ്പിള്‍ കയറ്റുമതിയിലൂടെ സംസ്ഥാനത്തിനു ലഭിക്കുന്നു.എന്നാല്‍, പൈനാപ്പിളിനു വിലയിടിയുമ്പോള്‍ ആവശ്യമായ സഹായം നല്‍കാന്‍ സര്‍ക്കാരിന് ആവുന്നില്ലെന്നാണു കര്‍ഷകരുടെ പരാതി.