കണ്ണൂര്‍: മാലിന്യവിമുക്ത ജില്ലയാകണം കണ്ണൂരെന്നു ജില്ലാ ഭരണകൂടം നാഴികയ്ക്കു നാല്‍പതുവട്ടം പറയുമ്പോള്‍ ജില്ലയുടെ ഭരണസിരാകേന്ദ്രമായ കളക്ടറേറ്റിന്റെ കാര്യം വളരെ കഷ്ടത്തിലാണ്. ഹരിത ഗെയിംസില്‍ തുടങ്ങി ഒടുവില്‍ ഹരിത ഇലക്ഷന്‍ വരെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുമ്പോള്‍ കളക്ടറേറ്റ് കെട്ടിടത്തിനു സമീപത്തെ ഓവുചാല്‍ കക്കൂസ് മാലിന്യമടക്കം നിറഞ്ഞു രോഗവിതരണ കേന്ദ്രമായി മാറിയിരിക്കുന്നു.
ഒഴുക്കു നിലച്ചു മാലിന്യങ്ങള്‍ നിറഞ്ഞതിനാല്‍ മലിനജലം ഓവുചാലില്‍ കെട്ടിക്കിടക്കുകയാണ്. നഗരത്തിലെ പ്രധാന കൊതുകുവളര്‍ത്തു കേന്ദ്രമാണ് ഇപ്പോള്‍ ഇവിടം. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ മൂക്കിനുതാഴെയാണു മലിനജലം കെട്ടിക്കിടക്കുന്ന ഓവുചാല്‍. കഴിഞ്ഞവര്‍ഷം കൊതുക് കടിയേറ്റു കളക്ടറേറ്റിലെ നിരവധി ജീവനക്കാര്‍ക്കു ഡെങ്കിപ്പനിയടക്കം പിടിപ്പെട്ടിരുന്നു.
ജില്ലാ ലോട്ടറി ഒാഫീസ്, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച്, കളക്ടറേറ്റ് തപാല്‍ ഓഫീസ് എന്നിവയ്ക്കു സമീപത്തായാണ് ഓവുചാലുള്ളത്. ഓവുചാലില്‍നിന്നുള്ള ദുര്‍ഗന്ധവും കൊതുകുകളും കാരണം ഓഫീസിന്റെ ജനല്‍വാതിലുകള്‍ ജീവനക്കാര്‍ സ്ഥിരമായി അടച്ചിട്ടിരിക്കുകയാണ്. കൊടുംചൂടില്‍ ജനല്‍ തുറക്കാന്‍ പറ്റാത്തതു ജീവനക്കാരെ കൂടുതല്‍ വിഷമത്തിലാക്കുന്നു.