കള്ളപ്പണം വെളുപ്പിക്കുന്നതിനായി മോദി സര്‍ക്കാരിന്റെ ഫെയര്‍ ആന്‍ഡ് ലവ്‌ലി യോജന; നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രാഹുല്‍

Rahulജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: കള്ളപ്പണക്കാരെ ജയിലില്‍ അടയ്ക്കുമെന്നും കള്ളപ്പണം വീണെ്ടടുത്തു നല്‍കുമെന്നും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ബജറ്റില്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലി പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

രാജ്യം എന്നാല്‍ പ്രധാനമന്ത്രിയല്ല, പ്രധാനമന്ത്രിയെന്നാല്‍ രാജ്യവുമല്ലെന്നും നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പാര്‍ലമെന്റില്‍ ഇന്നലെ നടത്തിയ വികാരപരമായ പ്രസംഗത്തില്‍ രാഹുല്‍ പരിഹസിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നതിനായി മോദി സര്‍ക്കാര്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലി യോജന ആരംഭിച്ചിരിക്കുകയാണ്. കള്ളപ്പണക്കാരെ ജയിലില്‍ അടയ്ക്കുമെന്നു പറഞ്ഞ മോദിജി ഇപ്പോള്‍ അവരെ സംരക്ഷിക്കാനുള്ള പദ്ധതിയുമായി വന്നിരിക്കുകയാണ്. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇത്തരമൊരു പദ്ധതി തുടങ്ങിയതു കണ്ടു താന്‍ ഞെട്ടിപ്പോയി. വിദേശത്തുനിന്നു കള്ളപ്പണം തിരികെയെത്തിക്കുമെന്നു വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി പരാജയപ്പെട്ടിരിക്കുകയാണ്: രാഹുല്‍ ആരോപിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു ലോക്‌സഭയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു രാഹുലിന്റെ പ്രകടനം. പ്രസംഗം തുടങ്ങിയപ്പോള്‍ സഭയില്‍ ഇല്ലാതിരുന്ന മോദി പക്ഷേ രാഹുലിനെ ശ്രവിക്കാനായി സഭയിലെത്തി. മോദി വരുന്നതു കണ്ടു ചിരിച്ചുകൊണ്ടു രാഹുല്‍ പറഞ്ഞു- “നമസ്കാരം. താങ്കള്‍ കേട്ടില്ല. താങ്കളുടെ ഫെയര്‍ ആന്‍ഡ് ലൗവ്‌ലി പദ്ധതിയെക്കുറിച്ചായിരുന്നു ഞാന്‍ പറഞ്ഞത്.” മോദിയുള്‍പ്പെടെ എംപിമാര്‍ ഇതുകേട്ടു ചിരിച്ചു.

അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദിച്ചിട്ട് പ്രധാനമന്ത്രി എന്തേ ഒരു വാക്കുപോലും മിണ്ടാത്തതെന്നു ജെഎന്‍യു സംഭവത്തെക്കുറിച്ചു പറയുന്നതിനിടെ രാഹുല്‍ ചോദിച്ചു. എണ്ണ വില ബാരലിന് 35 ഡോളറായി കുറഞ്ഞിട്ടും ഇന്ത്യന്‍ വിപണിയില്‍ അതിന്റേതായ മാറ്റങ്ങളൊന്നുമില്ല. തെരഞ്ഞെടുപ്പിനു മുമ്പു പരിപ്പിന്റെ വില 70 രൂപയായതിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച നരേന്ദ്ര മോദി അധികാരത്തില്‍ വന്നതോടെ പരിപ്പിന് 200 രൂപയായി.

ആരുടെ ഉപദേശമാണു മോദി കേള്‍ക്കുന്നത്? ആരുടെ അഭിപ്രായമാണു അദ്ദേഹം മാനിക്കുന്നത്. അദ്ദേഹത്തിന്റെ മന്ത്രിമാരെയെങ്കിലും ശ്രവിക്കുമോ? നിങ്ങള്‍ നിശബ്ദരാണ്. ബിജെപി മന്ത്രിമാരെ നോക്കി രാഹുല്‍ പരിഹസിച്ചു.

യുപിഎ സര്‍ക്കാര്‍ ഇന്ത്യയെ എങ്ങിനെ നശിപ്പിച്ചുവെന്നതിന്റെ പ്രതീകമാണു ദേശീയ തൊഴിലുറപ്പു പദ്ധതിയെന്നാണ് മോദി പറഞ്ഞു നടന്നത്. എന്നാല്‍, ധനമന്ത്രി ജയ്റ്റ്‌ലി പറഞ്ഞതു തൊഴിലുറപ്പു പദ്ധതി മഹത്തായ പദ്ധതിയാണെന്നാണ്. സ്വന്തം ബോസിനോടു ഇതു പറയരുതോയെന്നു ഞാന്‍ ജയ്റ്റ്‌ലിയോടു ചോദിച്ചു. അദ്ദേഹത്തിനു മൗനമായിരുന്നു. പക്ഷേ ബജറ്റില്‍ തൊഴിലുറപ്പു പദ്ധതിക്ക് അരുണ്‍ ജയ്റ്റ്‌ലി തുക പ്രഖ്യപിക്കുന്നതു കണ്ടപ്പോള്‍ ചിദംബരമാണോ ബജറ്റ് അവതരിപ്പിക്കുന്നതെന്നു തോന്നിപ്പോയെന്നും രാഹുല്‍ കളിയാക്കി. മോദി കൊട്ടിഘോഷിച്ച നാഗാ കരാര്‍ എവിടെയാണെന്നതാണു പ്രധാനപ്പെട്ട ചോദ്യം. അതു കാറ്റില്‍ പറന്നുപോയി. കരാറിനു ബൈ ബൈ- രാഹുല്‍ പറഞ്ഞു. ഇത്തരമൊരു കരാര്‍ ആഭ്യന്തരമന്ത്രിയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട മുഖ്യമന്ത്രിമാരും അറിഞ്ഞില്ല.ഇതേസമയം, നാഗാ സമാധാന കരാറിനെക്കുറിച്ചു ആഭ്യന്തരമന്ത്രി അറിഞ്ഞില്ലെന്ന രാഹുലിന്റെ പ്രസ്താവന പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കലാണെന്നു രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. പക്ഷേ ലോക്‌സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രനു രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്രസര്‍ക്കാര്‍ സമീപകാലത്തു നാഗാ കരാര്‍ ഒപ്പുവച്ചിട്ടില്ലെന്നു ആഭ്യന്തരമന്ത്രി തന്നെ മറുപടി നല്‍കിയിരുന്നു. 2015 ഓഗസ്റ്റ് മൂന്നിനു ഒരു ധാരണാ രൂപരേഖ മാത്രമാണു ഒപ്പുവച്ചതെന്നും സമാധാന കരാറല്ലെന്നും അതില്‍ പറഞ്ഞിരുന്നു.

Related posts