കൊല്ലം: കശുവണ്ടി ഫാക്ടറികള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ,മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പൂട്ടിക്കിടക്കുന്ന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ഫാക്ടറികള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതിന്റെ ഉദ്ഘാടനം അയത്തില്‍ ഫാക്ടറി അങ്കണത്തില്‍ നിര്‍വഹിച്ച് പ്രസംഗി ക്കുകയായിരുന്നു മന്ത്രി.
കശുവണ്ടി വികസന കോര്‍പ്പറേഷന്റെ 11 ഫാക്ടറികള്‍ ഇന്നലെ പ്രവര്‍ത്തിച്ചു തുടങ്ങി. ബാക്കിയുള്ളവ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. തോട്ടണ്ടി കരുതല്‍ ശേഖരമുണ്ടായിട്ടും ചില സ്വകാര്യ കമ്പനികള്‍ പ്രവര്‍ത്തിക്കാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോര്‍പ്പറേഷന്റെ കമ്പനികള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടൊപ്പം സ്വകാര്യ മേഖലയിലെ എല്ലാ ഫാക്ടറികളും തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തൊഴിലാളികള്‍ക്ക് എല്ലാ ദിവസവും ജോലി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. വീണ്ടും തോട്ടണ്ടി വാങ്ങുന്നതിന് ടെണ്ടര്‍ നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷന്റെ കമ്പനികള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാനാവശ്യമായ തോട്ടണ്ടിയുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.