കാട്ടാക്കട: മലയിന്‍കീഴ് മണിയറവിള ആശുപത്രിയില്‍ നായ്ക്കള്‍ സദാ മേഞ്ഞു നടക്കുന്നു. നിരനിരയായി എത്തുന്ന രോഗികള്‍ക്ക് മരുന്ന് വേണമെങ്കില്‍ പുറത്ത് നിന്നും വാങ്ങണം. മുറിവുമായി എത്തുന്ന രോഗികളോട് പറയുന്നത് വീട്ടില്‍ നിന്നും കഴുകി വൃത്തിയാക്കി വന്നാല്‍ തുണി ചുറ്റിത്തരാം എന്ന്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയ രോഗിയെ പരിചരിക്കാന്‍ നേഴ്സിംഗ് അസിസ്റ്റന്റ് തയ്യാറായില്ല. കാര്യം തിരക്കിയപ്പോള്‍ മദ്യപിച്ചിരിക്കുന്നതിനാല്‍ കാല് തറയില്‍ തൊടുന്നില്ല. പരാതിയും പ്രതിഷേധവും ഉയര്‍ന്നപ്പോള്‍ ലീവ് നല്കി വിട്ടയച്ച് അധികൃതര്‍ മാനം കാത്തു. അടുത്തിടെയാണ് ഇവിടെ രോഗികളെന്ന് പറഞ്ഞ് വന്ന നാലംഗ സംഘം ആശുപത്രിയില്‍ വന്ന ബഹളമുണ്ടാക്കുകയും സ്റ്റാഫിനെ മര്‍ദിക്കുകയും ചെയ്തത്.
നആര്ക്കും എപ്പോഴും എന്ത് തോന്ന്യാസം കാട്ടാനുള്ള സ്ഥലമായി മലയിന്‍കീഴ് താലൂക്ക് തല ആശുപത്രി മാറിയിരിക്കുകയാണ്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ആശുപത്രിയാണിത്. തികച്ചും ഒറ്റപ്പെട്ട അന്തരീക്ഷത്തില്‍ ഉള്ള ആശുപത്രി ഒരു കാലത്ത് രോഗികള്‍ക്ക് അത്താണിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആശുപത്രി എന്ന പേരേ ഉള്ളൂ. മലമ്പനി ആശുപത്രിയായി ആരംഭിച്ച ഇവിടെ കെട്ടിടങ്ങള്‍ നിര്‍മിച്ച് സൗകര്യം ഒരുക്കിയെങ്കിലും വികസനം മാത്രം എങ്ങും എത്തിയില്ല. ആവശ്യത്തിന് ഡോക്ടറില്ല . നാല് പേരെ നിയമിച്ചു എന്നാണ് അവകാശവാദം. എന്നാല്‍ പലപ്പോഴും ഈ ഡോക്ടര്‍മാരെ ഇവിടെ കാണാറില്ല.
ചീഫ് മെഡിക്കല്‍ ഓഫീസര്‍ മിക്കവാറും ലീവിലോ എന്തെങ്കിലും പരിശീലന പരിപാടികളിലോ ആയിരിക്കും. അതിനാല്‍ തന്നെ ഇവിടെ കാര്യങ്ങള്‍ നടക്കുന്നത് തോന്നിയ പടിയാണ് . രോഗികള്‍ക്ക് ആവശ്യത്തിന് മരുന്ന് നല്‍കാറില്ല. പരിശോധന നടത്തണമെങ്കില്‍ പുറത്ത് കുറിപ്പ് എഴുതി നല്‍കും. പരിചരണത്തിലെ കുറവ് കാരണം രോഗികള്‍ കിടക്കാറില്ല. അവര്‍ ജനറല്‍ ആശുപത്രിയിലേക്ക് പോകും. ആവശ്യമായ സാഹചര്യങ്ങള്‍ ഇവിടെ നിലവില്‍ ഉള്ളപ്പോഴാണ് അത് നല്‍കാതിരിക്കുന്നത്. മെഡിക്കല്‍ ഓഫീസറോടൊണല്ലോ പരാതി എന്തെങ്കിലും ഉണെ്ടങ്കില്‍ പറയേണ്ടത്. അങ്ങനെ ഒരാള്‍ ആശുപത്രിയില്‍ ഇല്ലാത്ത നിലയിലാണ് കാര്യങ്ങളുടെ കിടപ്പ്.
നിലവില്‍ ഉള്ള ഡോക്ടറോട് പരാതി പറഞ്ഞപ്പോള്‍ മെഡിക്കല്‍ ഓഫീസറോഡാണ് പറയേണ്ടത് എന്ന് പറഞ്ഞ് കൈയൊഴിയുകയാണ് പതിവ്. തിരക്കിയപ്പോള്‍ അവര്‍ ആഴ്ചകളോളം ലീവിലും. ഇതാണ് ഇവിടുത്ത നില. 52 കിടക്കള്‍ ഉള്ള ആശുപത്രിയാണ് ഇത്. ആശുപത്രി നായ്ക്കളുടെ മേച്ചില്‍പ്പുറമാണ്. സദാ സമയവും പട്ടികള്‍ ഇവിടെ അലഞ്ഞു നടക്കുകയും താവളമൊരുക്കുകയും ചെയ്യുന്നു. അടുത്തിടെ ഈ ആശുപത്രിയില്‍ എത്തിയ നാല് രോഗികളെ പട്ടികള്‍ കടിച്ചിരുന്നു. എന്നിട്ടും അവരെ തുരത്താന്‍ ഒരു നടപടിയും എടുക്കുന്നില്ല.