നെടുമ്പാശേരി: കേന്ദ്രസര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച കസ്റ്റംസ് ഡ്യൂട്ടി ഇളവ് വിദേശ ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണകരമാകും. ഗള്‍ഫ് മലയാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ഏറെ ലഭിക്കുക. താരതമ്യേന താഴ്ന്ന വരുമാനക്കാരായ ഭൂരിപക്ഷം വരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് തങ്ങളുടെ വീടുകളിലേക്ക് ആവശ്യസാധനങ്ങള്‍ ഇനി ഡ്യൂട്ടി കൊടുക്കാതെ കൊണ്ടുവരാനാകും. ചെറിയതോതിലുള്ള കള്ളക്കടത്ത് നിയന്ത്രിക്കാനും ഇളവ് കൊണ്ടു കഴിയും.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ വിദേശത്തുനിന്നു ഡ്യൂട്ടി കൂടാതെ കൊണ്ടുവരാനുള്ള സാധനങ്ങളുടെ വില അഞ്ചിരട്ടി വര്‍ധിപ്പിച്ചിട്ടുണ്ട്. 5000 രൂപയായിരുന്നത് കഴിഞ്ഞ ദിവസം 25,000 രൂപയായി വര്‍ധിപ്പിച്ചു. മൂന്നു ഘട്ടമായിട്ടാണ് ഈ വര്‍ധന പ്രഖ്യാപിച്ചത്. വിദേശത്തുനിന്നു നാട്ടിലേക്ക് വരുന്ന ഒരാള്‍ക്ക് 25,000 രൂപ വിലയുള്ള സാധനങ്ങള്‍ ഇപ്പോള്‍ ഡ്യൂട്ടി കൊടുക്കാതെ കൊണ്ടുവരാന്‍ കഴിയും. ഫ്രിഡ്ജ്, ടിവി, മിക്‌സി, ഗ്രൈഡര്‍, കംപ്യൂട്ടര്‍, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുമ്പോഴാണ് ഡ്യൂട്ടി ഒഴിവായതിന്റെ ഗുണം ഏറെ ലഭിക്കുന്നത്. ഇവയെല്ലാം വീടുകളില്‍ ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റില്‍പ്പെടുന്നു.
ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് 100 ശതമാനം വരെയാണ് ഡ്യൂട്ടി. കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പില്‍ കച്ചവടം കൂടാന്‍ പുതിയ ഇളവ് സഹായകമാകുമെന്നാണ് പ്രതീക്ഷ. വിദേശ മദ്യവും പെര്‍ഫ്യൂമുകളും ചോക്ലേറ്റും കളിപ്പാട്ടങ്ങളുമാണ് ഇവിടെ അധികം വിറ്റഴിക്കുന്നത്. ഗള്‍ഫില്‍നിന്നു വരുന്നവര്‍ ഏറെ വാങ്ങുന്ന സാധനങ്ങളും ഇവയാണ്.