തിരുവനന്തപുരം: ഇടതുപക്ഷത്തിനു ബാലികേറാമലയായിട്ടുള്ള കോട്ടയം ജില്ലയില്‍ യുവനേതൃത്വത്തെ മത്സരരംഗത്തിറക്കി ജില്ലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ ശ്രമം. ഇതിന്റെ ഭാഗമായി ജില്ലയിലെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ജി.കൃഷ്ണപ്രസാദിനെ സിപിഐ പരിഗണിയ്ക്കുന്നു. കഴിഞ്ഞതവണ ഹരിപ്പാട് മണ്ഡലത്തില്‍ മത്സരിച്ച കൃഷ്ണപ്രസാദിന്റെ എതിരാളി രമേശ് ചെന്നിത്തലയായിരുന്നു. ചെന്നിത്തലയോടു പരാജയപ്പെട്ടെങ്കിലും നല്ല രാഷ്ട്രീയ പോരാട്ടം നടത്താനായെന്ന വിലയിരുത്തലാണു പാര്‍ട്ടി നടത്തിയത്. എന്നാല്‍ ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍ സീനിയര്‍ നേതാക്കള്‍ വീതംവച്ചെടുക്കുന്നൂവെന്ന ആക്ഷേപവും സിപിഐയിലുണ്ട്.
കാഞ്ഞിരപ്പള്ളിയില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കും മുതലെടുക്കാനുള്ള ശ്രമത്തിലാണു എല്‍ഡിഎഫ്. കൂടാതെ നായര്‍ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കൃഷ്ണപ്രസാദിനെപ്പോലുള്ള യുവ നേതാക്കളെ പാര്‍ലമെന്ററി രംഗത്തിറക്കുന്നതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അനുകൂല നിലപാടാണുള്ളത്. വാഴൂര്‍ എന്‍എസ്എസ് കോളജിലെ പൂര്‍വവിദ്യാര്‍ഥിയെന്ന നിലിയിലുള്ള വിപുലമായ സൗഹൃദവും കൃഷ്്ണപ്രസാദിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. സി.കെ.ശശിധരന്‍, കെ.ബിനു, അഡ്വ. വി.ബി.ബിനു തുടങ്ങീ നേതാക്കളുടെ പേരും കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ സാധ്യതാ പട്ടികയിലുണ്ട്.