കാതടപ്പിച്ച് എയര്‍ഹോണ്‍; അനക്കമില്ലാതെ അധികൃതര്‍

ktm-hornതൊടുപുഴ: പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വാഹനപരിശോധന തകൃതിയാ ണെങ്കിലും കാതടപ്പിക്കുന്ന എയര്‍ ഹോണ്‍ ഉപയോഗത്തിന് തടയിടാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപം. നിരോധനത്തിനു പുല്ലുവില കല്‍പ്പിച്ചു എയര്‍ഹോണ്‍ മുഴക്കി നഗരത്തിലൂടെ നിരവധി വാഹനങ്ങളാണ് ചീറിപ്പായുന്നത്. പോലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും കണ്‍മുന്നിലൂടെയാണു സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങള്‍ അമിത ശബ്ദത്തിലുള്ള ഹോണുകള്‍ മുഴക്കി തലങ്ങും വിലങ്ങും പായുന്നത്. ഹോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങളില്‍പോലും വന്‍ ശബ്ദത്തിലുള്ള ഹോണ്‍ മുഴക്കിയാണു പല വാഹനങ്ങളും പായുന്നത്.

ഇതു വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ചില സ്വകാര്യ ബസുകളിലും ലക്ഷ്വറി ബസുകളിലും 125 ഡെസിബല്‍ വരെ ശബ്ദം പുറപ്പെടുവിക്കുന്ന എയര്‍ഹോണുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. വാഹനങ്ങള്‍ ടെസ്റ്റിനു പോകുമ്പോള്‍ സാധാരണ ഹോണുകള്‍ ആയിരിക്കും അവയില്‍ സ്ഥാപിച്ചിട്ടുണ്ടാവുക. ടെസ്റ്റ് കഴിഞ്ഞു വന്നാല്‍ അവ അഴിച്ചുമാറ്റി വന്‍ ശബ്ദം പുറപ്പെടുവിക്കുന്ന തരം ഹോണുകള്‍ ഘടിപ്പിക്കുകയാണു ചെയ്യുന്നത്.

ദൂരയാത്ര ചെയ്യുന്ന സ്വകാര്യ ബസുകളിലെ യാത്രക്കാരാണ് ശബ്ദ മലിനീകരണത്തിന്റെ ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത്. മറ്റ് വാഹനങ്ങളും വളവുകളും ഇല്ലാത്ത റോഡുകളില്‍ പോലും അമിത വേഗത്തിലും വലിയ ശബ്ദത്തിലുള്ള ഹോണും മുഴക്കിയാണ് മിക്ക ബസുകളുടെയും യാത്ര.ഹൈക്കോടതിയും സര്‍ക്കാരും വാഹനങ്ങളില്‍ എയര്‍ഹോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. അമിത ഹോണ്‍ ശബ്ദത്തിനെതിരെ ജനസമ്പര്‍ക്ക പരിപാടിയിലും മറ്റും നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല.

പോലീസും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തയാറാ കാത്തതിനാലാണ് നിയമ ലംഘനം വര്‍ധിക്കുന്നതെന്ന് യാത്രക്കാര്‍ ചൂണ്ടി ക്കാട്ടുന്നു. എയര്‍ ഹോണുകള്‍ ഉള്‍പ്പെടെ ഡെസിബെല്‍ കൂടിയ ഹോണുകള്‍ ചെറിയ വാഹന ങ്ങളില്‍ പ്പോലും ഉപയോഗിക്കുന്നുണ്ട്. നഗരത്തിലും മറ്റും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെടുമ്പോള്‍ പിന്നാലെ എത്തുന്ന ചില സ്വകാര്യ ബസുകളും കാറുകളും ഓട്ടോറിക്ഷകളും വരെ അമിത ശബ്ദത്തിലുള്ള ഹോണുകള്‍ മുഴക്കി ജനങ്ങളുടെ സൈ്വര്യം കെടുത്തുകയാണ്.

നഗരപ്രദേശത്തു കൂടി കടന്നു പോകുന്ന വാഹനങ്ങളില്‍ എയര്‍ ഹോണുകളും അമിത ശബ്ദത്തിലുള്ള ഹോണുകളും ഉപയോഗിക്കുന്നത് തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നഗരവാസികളുടെ അഭ്യര്‍ഥന. അതേസമയം വാഹനങ്ങളിലെ എയര്‍ ഹോണ്‍ ഉപയോഗം തടയാന്‍ പരിശോധന ശക്തമാക്കിയതായും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related posts