എടത്വ: കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമായി ചലച്ചിത്രതാരവും എംപിയുമായ ഇന്നസെന്റ് കുട്ടനാട്ടില്‍ എത്തുന്നു. കുട്ടനാട് പൈതൃക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ എന്ന മഹാരോഗത്തിന്റെ രണ്ടാംഘട്ട ബോധവത്കരണപരിപാടി ഉദ്ഘാടനം ചെയ്യുന്നതിനായി നാളെ വൈകുന്നേരം അഞ്ചിന് എടത്വയിലാണ് അദ്ദേഹം എത്തുന്നത്. കാന്‍സര്‍ രഹിത ജൈവ കുട്ടനാട് കാമ്പയിന്‍ അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും സമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്നു ചെയര്‍മാന്‍ അഡ്വ. അനില്‍ബോസ് അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി ആറിനാണു മുഖ്യരക്ഷാധികാരി ഡോ. എം.എസ്. സ്വാമിനാഥന്റെ അനുഗ്രഹാശിസുകളോടെ ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിച്ചത്. കുട്ടനാട്ടിലെ കാന്‍സര്‍ രോഗികളുടെ പട്ടിക തയാറാക്കല്‍ പരിപാടിയാണ് ആദ്യഘട്ടത്തില്‍ ചെയ്തത്. രണ്ടാംഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ രോഗനിര്‍ണയ ക്യാമ്പിനൊപ്പം തുടര്‍ചികിത്സയും ചികിത്സാ ധനസഹായവും പെന്‍ഷന്‍ ലഭിക്കാത്ത രോഗികള്‍ക്കു പെന്‍ഷന്‍ എത്തിക്കാനുള്ള നടപടിയുമാണ് സ്വീകരിക്കുന്നത്. പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സഹായത്തോടെ ആധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഏപ്രില്‍ മാസം മൂന്നു ദിവസങ്ങളിലായി രാമങ്കരി പിഎച്ച്‌സിഡി ഗ്രൗണ്ടില്‍വച്ച് മെഡിക്കല്‍ ക്യാമ്പ് നടത്താനാണ് തീരുമാനം.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കുട്ടനാട്ടില്‍ 600 പേര്‍ക്കു മാത്രമാണ് കാന്‍സര്‍രോഗം പിടിപെട്ടിട്ടുള്ളത്. എന്നാല്‍ കുട്ടനാട് പൈതൃക കേന്ദ്രത്തിന്റെ പട്ടിക തയാറാക്കലില്‍ 2700 കാന്‍സര്‍ രോഗികളുണ്ടെന്നാണ് കണ്ടെത്തിയത്. രോഗികളുടെ രജിസ്ട്രഷന്‍ ഇപ്പോഴും തുടരുകയാണ്. കുട്ടനാട്ടില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കാന്‍സര്‍രോഗം പിടിപെട്ട് നൂറിലേറെ രോഗികള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. കുട്ടനാട്ടിലെ കാവാലം പഞ്ചായത്തിലാണ് രോഗികളും രോഗകാരണത്താല്‍ മരണപ്പെട്ടവരും അധികവുമുള്ളത്. പുരുഷന്മാരില്‍ ശ്വാസകോശ-ആമാശയ കാന്‍സര്‍ വര്‍ധിക്കുമ്പോള്‍ സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് കൂടുതല്‍ കാണുന്നത്.
തിരുവനന്തപുരം ആര്‍സിസിയില്‍ മാത്രമല്ല സ്വകാര്യ ആശുപത്രിയിലും രോഗികള്‍ എത്തുന്നുണ്ട്. ആര്‍സിസിയില്‍ എത്തുന്നവരുടെ കണക്കുകള്‍ മാത്രമാണ് ആരോഗ്യ വകുപ്പില്‍ സൂക്ഷിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ വര്‍ധനയും ശുദ്ധജല ക്ഷാമവും പാടശേഖരങ്ങളില്‍ അമിത കീടനാശിനി പ്രയോഗവും ലഹരി വസ്തുക്കളുടെ ഉപയോഗവും കാന്‍സറിനു കാരണമാകുന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ബന്ധപ്പെട്ട വകുപ്പധികൃതര്‍ വേണ്ടത്ര ജാഗ്രതാനിര്‍ദേശം നല്കാത്തതാണ് കുട്ടനാട്ടില്‍ കാന്‍സര്‍ പെരുകാന്‍ കാരണമെന്നും പറയപ്പെടുന്നു. സമ്മേളനത്തിനോടനുബന്ധിച്ച് കലാഭവന്‍ മണിക്ക് സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് നാടന്‍കലാപരിപാടിയും തുടര്‍ന്ന് തനിമ നാടകവേദിയുടെ ആകാശമോക്ഷങ്ങള്‍ സാക്ഷി എന്ന നാടകവും അരങ്ങേറും.