കായംകുളത്ത് നേത്രാവതി എക്‌സ്പ്രസ് ട്രെയിനിന് യാത്രക്കാരന്‍ തീവച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

TRAINആലപ്പുഴ: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച് നേത്രാവതി എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിന് യാത്രക്കാരന്‍ തീവച്ചു. എസി ബോഗിയോട് ചേര്‍ന്ന കംപാര്‍ട്ട്‌മെന്റിനാണ് തീവച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശി അനസ് എന്നയാളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ഉച്ചയ്ക്ക് 11.45 ഓടെയായിരുന്നു സംഭവം. ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ ഒരു യാത്രക്കാരന്റെ ബാഗ് മോഷ്ടിക്കാന്‍ അനസ് ശ്രമിച്ചു. സംഭവം കണ്ട് ഇയാളെ ഓടിച്ചുപിടിക്കാന്‍ മറ്റ് യാത്രക്കാര്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ട്രെയിനിന്റെ ബാത്ത്‌റൂമില്‍ ഓടിക്കയറി. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. ബാത്ത്‌റൂം ചവിട്ടുത്തുറന്ന് ഇയാളെ പിടിക്കുകയായിരുന്നു. ഇയാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. തനിക്കൊപ്പം രണ്ടു പേര്‍ കൂടിയുണ്‌ടെന്നാണ് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

തീപിടിച്ച ബോഗി വളരെ പെട്ടന്ന് ട്രെയിനില്‍ നിന്നും വേര്‍പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ കായംകുളം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

Related posts