കാരുണ്യത്തിന്റെ പൂത്തുമ്പികളായി 60 വിദ്യാര്‍ഥികള്‍ ; അലീന മുടി മുറിച്ചുനല്കി, അമ്മൂമ്മയെ കവര്‍ന്ന കാന്‍സറിനെ തോല്‍പിക്കാന്‍

tcr-mudiഎ.ജെ. വിന്‍സന്‍
അരിമ്പൂര്‍: കാന്‍സര്‍ രോഗം മൂലം അമ്മൂമ്മ മരിച്ചതറിഞ്ഞിട്ടും ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ അലീന സങ്കടം ഉള്ളിലൊതുക്കി ഇടറുന്ന മനസോടെ  സ്കൂളില്‍ കാത്തുനിന്നു. താനറിയാത്ത മറ്റൊരു കാന്‍സര്‍ രോഗിക്ക് വീഗ്ഗിനുവേണ്ടി മുടി മുറിച്ച് നല്‍കാന്‍….സ്കൂളിലെ അധ്യാപികയും എഴുത്തുകാരിയുമായ സിസ്റ്റര്‍ അഞ്ജലി, അലീനയുടെ മുടി പന്ത്രണ്ടിഞ്ച് നീളത്തില്‍ മുറിച്ചു.

മുറിച്ചെടുത്ത തന്റെ മുടി പ്രത്യേക പാക്കറ്റിലാക്കി നിറഞ്ഞ സംതൃപ്തിയോടെ തൃശൂര്‍ അമല മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജെയ്‌സന്‍ മുണ്ടന്‍മാണിക്ക് കൈറിയപ്പോള്‍ നിലയ്ക്കാത്ത കൈയടികള്‍, പങ്കെടുത്തവരുടെ മിഴികളില്‍ അശ്രുകണങ്ങള്‍ പൊടിഞ്ഞു.

ഇന്നലെ അരിമ്പൂര്‍ ഹൈസ്കൂളിലാണ് കാരുണ്യത്തിന്റെ ജീവിക്കുന്ന ഈ സാക്ഷ്യം അരങ്ങേറിയത്. സ്കൂളിലെ ജൂണിയര്‍ റെഡ് ക്രോസിന്റെ നേതൃത്വത്തില്‍ അമല മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെയാണു കേശദാനം സംഘടിപ്പിച്ചത്. മൊത്തം 60 പേര്‍ സ്വന്തം മുടി പന്ത്രണ്ടിഞ്ച് നീളത്തില്‍ മുറിച്ചുനല്‍കി കാരുണ്യത്തിന്റെ പൂത്തുമ്പികളായി. കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മരിയ മാര്‍ട്ടിനുള്‍പ്പെടെയുള്ള പൂര്‍വ വിദ്യാര്‍ഥിനികളും ഏഴ് അമ്മമാരും ഏഴ് അധ്യാപകരും സ്വന്തം കാര്‍ക്കൂന്തല്‍ മുറിച്ച് നല്‍കി മാതൃകയായി.

സിനിമാ നടന്‍ ഇര്‍ഷാദ് മുഖ്യാതിഥിയായിരുന്നു. തന്റെ ഉമ്മ കഴിഞ്ഞ ഡിസംബറില്‍ കാന്‍സര്‍ രോഗം മൂലം മരിച്ചതെന്ന നൊമ്പരം ഇര്‍ഷാദ് പങ്കുവച്ചതോടെ സദസ് നിശബ്ദമായി. എല്ലാവരും അവനവനിലേക്ക് ചുരുങ്ങുന്ന കാലത്ത് ഇത്രയും ചെറിയ പ്രായത്തില്‍ ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ സഹജീവികള്‍ക്കായി സ്വന്തം മുടി മുറിച്ച് നല്‍കുന്ന വിശാലമനസുള്ള ഈ കുട്ടികള്‍ ലോകത്തിന് മാതൃകയാണ്. എന്റെ ഹൃദയത്തോട് ഇവരെ ചേര്‍ത്ത് പിടിക്കുന്നു- നടന്‍ ഇര്‍ഷാദിന്റെ ഈ വാക്കുകള്‍ പങ്കെടുത്തവരുടെ മിഴികളില്‍ ആനന്ദാശ്രുക്കളായി.

ഫാ. ജെയ്‌സന്‍ മുണ്ടന്‍മാണി ആമുഖ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ്, മാനേജര്‍ ഫാ. ഫ്രാങ്കോ കവലക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിയോമോന്‍ കല്ലേരി അഡ്വ. വി.സുരേഷ്കുമാര്‍, കെ.ആര്‍.ബാബുരാജ്, കപ്പല്‍പള്ളി കൈക്കാരന്‍മാരായ പി.എ.ജോസ്, ജെയ്‌സന്‍ കുന്നന്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് നീതി, ഹെഡ്മിസ്ട്രസ് ബീറ്റ, ബിബീഷ് പോള്‍, മാര്‍ട്ടിന്‍ ചക്കനാത്ത്, ബാസ്റ്റിയന്‍ ജോര്‍ജ്, സിജോ എന്നിവര്‍ പ്രസംഗിച്ചു.ഫ്രാന്‍സിസ് ടി.ആന്റണി സ്വാഗതം പറഞ്ഞു. മനോജ് കമ്മത്ത് സൗഹൃദത്തെക്കുറിച്ചുള്ള ഹിന്ദി ഗാനം ആലപിച്ചു.
മുടിദാനം നടത്തിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Related posts