കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ സോളാര്‍ പാനലുകള്‍ ഉപയോഗിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി അവസാനഘട്ടത്തില്‍. 400 സോളാര്‍ പാനലുകളാണ് ഇതിനായി സര്‍വകലാശാലയിലെ മുഖ്യകേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ദിവസേന 500 യൂണിറ്റ് വൈദ്യുതിയാണ് ഇതുവഴി ലഭ്യമാക്കുന്നത്. 100 കിലോവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാനാകും.
സോളാര്‍ പദ്ധതി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ സര്‍വകലാശാലയ്ക്കു ആവശ്യമായ വൈദ്യുതി ലഭിക്കുന്നതോടൊപ്പം ശേഷം വരുന്നവ വൈദ്യുതി ബോര്‍ഡിനും നല്‍കാനാകുമെന്നു വൈസ് ചാന്‍സിലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് സര്‍വകലാശാലയും വൈദ്യുതി ബോര്‍ഡും ധാരണാപത്രത്തില്‍ ഒപ്പിട്ടു. 83 ലക്ഷം രൂപ ചെലവാക്കിയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. ഇതില്‍ 12 ലക്ഷം രൂപ സബ്‌സിഡിയിനത്തിലാണ് ലഭിക്കുന്നത്.
സര്‍വകലാശാലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടുത്തിയാണ് സോളാര്‍ പദ്ധതി നടപ്പിലാക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച സോളാര്‍ പാനലുകളില്‍ ബാറ്ററി ഇല്ലാതെ തന്നെ വൈദ്യുതി ശേഖരിക്കാനാകും. അതിനാല്‍ ഇതിനു അറ്റകുറ്റപണികള്‍ കുറവായിരിക്കുമെന്നതും പ്രധാന സവിശേഷതയാണ്. കെല്‍ട്രോണാണ് സാങ്കേതിക സഹായം നല്‍കുന്നത്.