വൈത്തിരി: കാലവര്‍ഷം കനത്തതും പുഴകളില്‍ നിന്നും വയലോരങ്ങളിലേക്ക് വെള്ളം കയറിയതോടെ നാട്ടില്‍ പുറങ്ങളില്‍ മീന്‍ പിടിത്തം സജീവമായി. പരമ്പാരാഗത മീന്‍ പിടിത്തത്തില്‍നിന്നും വ്യത്യസ്ഥമായി തണ്ടാടി, കുത്തുവല, തെരിവല എന്നിവയ്ക്കുപുറമെ കുട്ടകളും ചൂണ്ടയെറിഞ്ഞുമാണ് മീനുകളെ പിടിക്കുന്നത്. ശുദ്ധജല മത്സ്യങ്ങളില്‍ സമൃദ്ധമായി ലഭിക്കുന്ന വാള, ആരല്‍, മുഷി, തോടന്‍ എന്നിവയും ചെറിയ പരലുകളും ധാരാളമായി മീന്‍ പിടിത്തക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. വയനാട്ടില്‍ മഴക്കാലം ആരംഭിച്ചത് മുതല്‍ ശുദ്ധജല തടാകങ്ങളായ കര്‍ലാട്, ബാണാസുര സാഗര്‍ അണക്കെട്ട്, കരാപുഴ എന്നിവിടങ്ങളിലും മീന്‍പിടിത്തക്കാരുടെ നീണ്ടനിരയാണ്.
രാവിലെ ആറുമണിയോടുകൂടി തന്നെ ചുണ്ടയുമായി എത്തുന്നവര്‍ വൈകുന്നേരങ്ങളിലാണ് മടങ്ങുന്നത്. ഇത്തരത്തില്‍ പല ദിക്കുകളിലും നിന്നുവരുന്നവര്‍ വിനോദത്തിനുപുറമെ വരുമാന മാര്‍ഗത്തിനായും മീന്‍പിടിത്തത്തിലേര്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ പിടിക്കുന്ന പുഴ മത്സ്യങ്ങള്‍ക്ക് നോമ്പുകാലം കൂടി ആയതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. കിലോയ്ക്ക് 300 രൂപ മുതലാണ് മാര്‍ക്കറ്റില്‍ വിറ്റഴിയുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പുഴ മത്സ്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായതായി മീന്‍പിടിത്തക്കാര്‍ പറയുന്നു.
തോട്ടം മേഖലയില്‍നിന്നും സ്വകാര്യ ഫാക്ടറികളില്‍നിന്നും പുറന്തള്ളുന്ന രാസകീടനാശിനികളാണ് മുന്‍ കാലങ്ങളില്‍ ലഭിച്ചിരുന്ന പല മത്സ്യങ്ങളുടെയും വംശനാശ ഭീഷണിക്ക് കാരണമായത്. ധാരാളം മത്സ്യ കര്‍ഷകരുള്ള വയനാട്ടില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മത്സ്യസമൃതി അടക്കമുള്ള പദ്ധതികള്‍ പഞ്ചായത്ത് വഴിനടപ്പിലാക്കുന്നതിലൂടെയും ധാരാളം ശുദ്ധജല മത്സ്യങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാകുന്നുണ്ട്..