തുറവൂര്‍: മഴയിലും ശക്തമായ കടലാക്രമണത്തെയും തുടര്‍ന്നു ജനം ദുരിതത്തില്‍. ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലകളിലാണ് ജനജീവിതം ദുസ്സഹമാക്കിയ കാലവര്‍ഷക്കെടുതി. വയലാര്‍, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, എഴുപുന്ന, അരൂര്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടയിലായിരിക്കുകയാണ്. നൂറുകണക്കിനു വീടുകളില്‍ വെളളം കയറിയതുമൂലം ഇവിടെ താമസിക്കുന്നവര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലും ബന്ധു വീടുകളിലും അഭയം തേടിയിരിക്കുകയാണ്.
കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട് പഞ്ചായത്തുകളിലായി അഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ 200ലധികം കുടുംബങ്ങളാണ് മാറിത്താമസിക്കുന്നത്. തുടര്‍ച്ചയായ മഴയെ തുടര്‍ന്നു മുഴുവന്‍ പ്രദേശങ്ങൡലും വെള്ളക്കെട്ടുകളാല്‍ നിറഞ്ഞിരിക്കുകയാണ്. പൊഴിലിയിലേയും തോടുകളിലെയും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പൊകുവാനായി അന്ധകാരനഴി പൊഴിമുഖം തുറന്നുവെങ്കിലും ശക്തമായ തിരയില്‍ തുറന്ന പൊഴിമുഖം അടയുന്നതും ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ നാലുദിവസങ്ങളായി പൊഴിമുഖത്തെ മണല്‍ നീക്കി തോട്ടിലെ വെള്ളം കടലിലേക്ക് ഒഴുക്കുവാന്‍ ശ്രമിക്കുന്നത് വേലിയിറക്കു സമയത്ത് കടലിലേക്കു വെള്ളം ഒഴുകിപ്പോകുന്നുണ്ടെങ്കിലും വേലിയേറ്റ സമയത്ത് ശക്തമായ തിരമാലയില്‍ പൊഴിമുഖം അടയുകയാണ് ചെയ്യുന്നത്. പ്രദേശത്തെ കടലാക്രമണവും ശക്തമാണ്. ചാപ്പക്കടവ്, പള്ളിത്തോട് പ്രദേശങ്ങളില്‍ മത്സ്യ ഗ്യാപ്പുകളിലൂടെയും കടല്‍ഭിത്തിയുടെ വിടവുകളിലൂടെയും കടല്‍വെള്ളം ഇരച്ചു കരയിലേക്കു കയറുന്നത് തീരദേശ റോഡിനു പടിഞ്ഞാറുവശം വന്‍ വെള്ളക്കെട്ടിനു കാരണമായിട്ടുണ്ട്.
തൈക്കല്മുതല് ചെല്ലാനംവരെയുള്ള തീരദേശ റോഡില്‍ നാമ മാത്രമായ പ്രദേശങ്ങളില്മാത്രമേ വെള്ളം ഒഴുകിപ്പോകുവാന്‍ കാന നിര്‍മിച്ചിട്ടുള്ളൂ. ഇതുമൂലം പ്രദേശത്തു കടലാക്രമണത്തിലൂടെ കയറുന്ന ഓരുവെള്ളം പ്രദേശത്തു കെട്ടിക്കിടക്കുന്നതു ജനങ്ങളെ പൂര്‍ണമായും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രദേശത്തെ ജനങ്ങള്‍ സാംക്രമിക രോഗ ഭീഷണിയിലുമാണ്. ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്തും പ്രദേശത്തെ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാതിരിക്കാനുള്ള യാതൊരുവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നും ആരോപണമുയരുന്നു.