കിട്ടിയാല്‍ നെയ്യപ്പം ഇല്ലെങ്കില്‍ ഉണ്ണിയപ്പം

TECHസോനു തോമസ്

നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടുകാര്യം എന്ന പഴഞ്ചൊല്ല് മലയാളികള്‍ക്കു സുപരിചിതമാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന നെയ്യപ്പം എന്ന ഹാഷ്ടാഗിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. സംഭവം എന്താണെന്നല്ലേ?   പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന്റെ പേരിടീല്‍ മത്സരത്തില്‍ കേരളത്തിന്റെ സ്വന്തം നെയ്യപ്പത്തിന് വിജയം നേടാനാണ് ഈ ഹാഷ്ടാഗ്. ആന്‍ഡ്രോയ്ഡ് വേര്‍ഷനുകള്‍ക്ക് രുചികരമായ പലഹാരങ്ങളുടെ പേരാണ് സാധാരണ നല്‍കാറുള്ളത്. ആന്‍ഡ്രോയ്ഡിന് ഇതുവരെ നല്‍കിയ പേരുകള്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ സി, ഡി, ഇ, എഫ്, ജി, എച്ച്, ഐ, ജെ, കെ, എല്‍, എം എന്ന ക്രമത്തിലാണ്.

ഇതുപ്രകാരം അടുത്തത് “എന്‍’ പതിപ്പാണ്. “എന്‍’ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പലഹാരത്തിന്റെ പേരാകും പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന് ലഭിക്കുക. ഇവിടെയാണ് നെയ്യപ്പത്തിന്റെ പ്രധാന്യം. ഇന്ത്യയില്‍തന്നെ ഏറ്റവുമധികം ആരാധകരുള്ള മലയാളത്തിന്റെ സ്വന്തം നെയ്യപ്പത്തിന്റെ പേര് പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന് കിട്ടിയാല്‍ കൂടുതല്‍ മധുരമാവില്ലേ?

ചിലര്‍ നാരാങ്ങാമിഠായി എന്ന പേര് നിര്‍ദേശിച്ചെങ്കിലും നെയ്യപ്പത്തിനാണ് ആരാധകര്‍ ഏറെ. തെരഞ്ഞെടുപ്പില്‍ വോട്ട് ഭിന്നിച്ചുപോകാന്‍ സാധ്യതയുള്ളതിനാലാ ണ് നെയ്യപ്പത്തിന്റെ പേരില്‍ ഹാഷ്ടാഗ് തുടങ്ങിയിരിക്കുന്നത്.നെയ്യപ്പമെന്ന പേരാണ് ഏറ്റവുമധികം ആളുകള്‍ നിര്‍ദ്ദേശിക്കുന്ന തെങ്കില്‍ പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന് “ആന്‍ഡ്രോയിഡ് നെയ്യപ്പം’ എന്നാകും പേര്. മാത്രമല്ല നമ്മുടെ സ്വന്തം നെയ്യപ്പത്തിന് ലോകപ്രശസ്തി കിട്ടുകയും ചെയ്യും.  മെക്‌സിക്കന്‍ ചിപ്‌സായ നാചോസ്, ഇറ്റാലിയന്‍ ജാം ബ്രാന്‍ഡായ ന്യൂട്ടല്ല, ‘നെക്റ്ററൈന്‍ പഴം എന്നിവയും നെയ്യപ്പവുമായി മത്സരിക്കാന്‍ രംഗത്തുണ്ട്.

ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചെയ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കോളജ് വിദ്യാര്‍ഥികളുമായി നടത്തിയ ഒരു കൂടിക്കാഴ്ചയില്‍ എന്തുകൊണ്ട് ആന്‍ഡ്രോയ്ഡിന്റെ വേര്‍ഷനുകള്‍ക്ക് ഇന്ത്യന്‍ പേരുകള്‍ നല്‍കുന്നില്ല എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ പലഹാരങ്ങളുടെ പേരുകളും ആന്‍ഡ്രോയ്ഡിനിടാന്‍ അവസരമൊരുക്കിയത് അങ്ങനെയാണ്. 2009 മുതലാണ്  ആന്‍ഡ്രോയ്ഡ് വേര്‍ഷനുകള്‍ക്ക് പലഹാരങ്ങളുടെ പേരിടുന്ന രീതി തുടങ്ങിയത്. ഏറ്റവും അവസാനമിറങ്ങിയ  മാഷ്മലോ (ആന്‍ഡ്രോയ്ഡ് 6.0) യാണ് ഈ വിഭാഗത്തിലെ പുതിയ വിഭവം.

htts://www.android.com/versions/name-n/ എന്ന ലിങ്കില്‍ പോയാല്‍ ആന്‍ഡ്രോയ്ഡിന്റെ പുതിയ പേര് നിര്‍ദേശിക്കാനുള്ള പേജിലെത്തും. അവിടെ നിങ്ങള്‍ക്ക് നെയ്യപ്പം എന്ന് രേഖപ്പെടുത്താം. ജൂണ്‍ എട്ടുവരെ പേര് നിര്‍ദേശിക്കാം. സച്ചിനെ അറിയില്ലെന്നു പറഞ്ഞ ഷറപ്പോവയ്ക്കിട്ടും കെഎസ്ആര്‍ടിസിയെ മോശമാക്കിയെന്ന് പറഞ്ഞ് ആമസോണിനിട്ടും സൊമാലിയന്‍ വിഷയത്തില്‍ മോദിക്കിട്ടും സോഷ്യല്‍ മീഡിയയില്‍ “പണി’ കൊടുത്ത മലയാളികള്‍ ഇതിന്റെ പകുതി ഉത്സാഹം കാണിച്ചാല്‍ നെയ്യപ്പത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമാക്കാം.

ഇനി അഥവ പുതിയ വേര്‍ഷന് നെയ്യപ്പമെന്ന പേര് കിട്ടിയില്ലെങ്കില്‍ യു എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഉണ്ണിയപ്പത്തിന്റെ പേര് അടുത്ത തവണയാക്കാനാണ് ചില മല്ലുസിന്റെ പ്ലാന്‍. പക്ഷെ ഇതിനായി കുറച്ചുകൂടി കാത്തിരിക്കണമെന്നു മാത്രം. ഒ, പി, ക്യു, ആര്‍, എസ്, ടി എന്നി അക്ഷരങ്ങള്‍ക്കു ശേഷമെ യു എത്തു എന്നതാണ് ഇതിന്റെ കാരണം.

Related posts