കിണറ്റില്‍ വീണ നാലുവയസുകാരനെ അയല്‍വാസിയും സഹോദരനുംചേര്‍ന്നു രക്ഷിച്ചു

alp-kinatttilveenuഎടത്വ: കിണറ്റില്‍ വീണ നാലുവയസുകാരനെ  സഹോദരനും അയല്‍വാസിയും ചേര്‍ന്ന് രക്ഷിച്ചു. എടത്വ നാലാം വാര്‍ഡ് കൊച്ചുചിറയില്‍ റോബിയുടെ മകന്‍ റോഹനെ (4) യാണ് സഹോദരന്‍ റോഷനും(9), സമീപവാസിയായ മൂന്നുപറയില്‍ സോജന്‍ ജോസഫും (39) ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം.

കളിക്കുന്നതിനിടയില്‍ പന്ത് കിണറ്റില്‍ പോയത് എത്തിനോക്കുന്നതിനിടയില്‍ കാല്‍ വഴുതി കുട്ടി കിണറ്റില്‍ വീഴുകയും കൂടെ കളിച്ചുകൊണ്ടിരുന്ന ഒമ്പതു വയസുള്ള സഹോദരന്‍ റോഷന്‍ ബഹളം കൂട്ടിയതിനെ തുടര്‍ന്നു കുട്ടിയുടെ മാതാവ് ആന്‍സിയും നാട്ടുകാരും ഓടിയെത്തുകയുമായിരുന്നു. സമീപവാസിയായ മൂന്നുപറയില്‍ സോജന്‍ കിണറ്റിലേക്ക് ഇറങ്ങി കുട്ടിയെ രക്ഷപെടുത്തി കരയ്ക്ക് എത്തിച്ചശേഷം സോജന്‍ തലയില്‍ വച്ച് വട്ടംകറക്കുകയും വായിലൂടെ വെള്ളം വലിച്ചു കളയുകയുമായിരുന്നു. റോബിയുടെ അയല്‍വാസി പള്ളിചിറ കുഞ്ഞച്ചായിയുടെ വീടിനു മുന്നിലെ കിണറായിരുന്നു ഇത്.

15 റിംഗോളം ആഴമുള്ള കിണറ്റില്‍ അഞ്ചു റിംഗോളം വെള്ളമുണ്ടായിരുന്നു. റോഹന്റെ സഹോദരന്‍ റോഷനു നാലു വയസുള്ളപ്പോള്‍ സമീപവാസിയായ മൂന്നുതൈയ്ക്കല്‍ കെവിന്‍ (9) വീടിനു മുന്നിലെ തോട്ടിലെ വെള്ളത്തില്‍ താഴ്ന്നു പോയപ്പോള്‍ അന്നും ബഹളംകൂട്ടി നാട്ടുകാരെ വിളിച്ചു വരുത്തി രക്ഷിച്ചിരുന്നു. കുട്ടിയെ രക്ഷിച്ച സോജന്‍ യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര ലോക്‌സഭാ കമ്മിറ്റി പ്രസിഡന്റ് സജി ജോസഫിന്റെ സഹോദരനാണ്.

Related posts