കിഴക്കമ്പലം-താമരച്ചാല്‍ റോഡിനു വീതിയില്ല അപകടങ്ങള്‍ വര്‍ധിക്കുന്നു

ekm-roadകിഴക്കമ്പലം: കിഴക്കമ്പലം-താമരച്ചാല്‍ റോഡിനു വീതിയില്ലാത്തതിനാല്‍ അപകടങ്ങള്‍ പെരുകുന്നു. കഴിഞ്ഞ ദിവസം പഴയ കിഴക്കമ്പലം ബവ്‌കോ ഔട്ട്‌ലറ്റിനു മുന്നില്‍ നിയന്ത്രണംവിട്ട കാറിടിച്ച്  മതില്‍ തകര്‍ത്തിരുന്നു. കിഴക്കമ്പലത്തു നിന്നു പൂക്കാട്ടുപടി ഭാഗത്തേയ്ക്കു പോയ കാറാണു നിയന്ത്രണം വിട്ടു മറ്റൊരു ബൈക്കിലിടിച്ചതുശേഷം മതില്‍ ഇടിച്ചു തകര്‍ത്തത്. റോഡിലെ കുണ്ടുംകുഴിയും ഈ ഭാഗത്തു റോഡിനു വീതിയും ഇല്ലാത്തതിനാല്‍ ഒട്ടേറെ അപകടങ്ങളാണു നടക്കുന്നത്. നേരത്തേയും ഈ റോഡില്‍ ഒട്ടേറേ അപകടങ്ങള്‍ നടന്നിട്ടുണ്ട്.

കിഴക്കമ്പലം ജംഗ്ഷന്‍ മുതല്‍ പഴയ ബിവ്‌കോ വരെ റോഡിന്റെ വീതി ട്വിന്റി-20യുടെ നേതൃത്വത്തില്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ബവ്‌കോ മുതല്‍ ട്വിന്റി-20 സ്റ്റാള്‍ വരെയുള്ള ഭാഗത്ത് സ്ഥലം വിട്ടു നല്‍കാത്തതിനാല്‍ റോഡിന്റെ വീതി വര്‍ധിപ്പിക്കാനായിട്ടില്ല. ഒട്ടേറേ തവണ ആവശ്യപ്പെട്ടിട്ടും സ്ഥലം വിട്ടു നല്‍കുവാന്‍ ഉടമകള്‍ തയാറാകുന്നില്ല. റോഡിനു വീതിയില്ലാത്തതിനാല്‍ ഒട്ടേറെ അപകടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടാകുന്നത്. ഈ ഭാഗത്തെ റോഡിനു വീതി വര്‍ധിപ്പിച്ച് അപകടങ്ങള്‍ക്കു പരിഹാരം കാണണമെന്നാണു നാട്ടുകാരുടെ ആവശ്യം.

മാസങ്ങള്‍ക്കു മുന്‍പ് കുടിവെള്ള പൈപ്പിടുന്നതിനായി വാട്ടര്‍ അതോറിറ്റി കുഴിച്ചു കുളമാക്കിയ കിഴക്കമ്പലം – പൂക്കാട്ടുപടി റോഡില്‍ കിഴക്കമ്പലം ജംഗ്ഷന്‍ മുതല്‍ താമരച്ചാല്‍ വരെയുള്ള ഭാഗത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നുണ്ട്. റോഡില്‍ രൂപപ്പെട്ട കുഴികളില്‍ വീണ് പരിക്കേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇടയ്ക്കു പെയ്യുന്ന മഴയില്‍ റോഡില്‍ ചെളി കെട്ടിക്കിടക്കുന്നതു കാല്‍നടയാത്രികരെ വലയ്ക്കുകയാണ്. ഇതിനിടയില്‍ ഇരുചക്രവാഹന യാത്രികര്‍ കുഴികളിലും ചെളിയിലും വഴുതി വീണു പരിക്കേല്‍ക്കുന്നതു പതിവായിട്ടുണ്ട്. എന്നാല്‍ ഉടനടി റോഡ് അറ്റകുറ്റപ്പണി നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നെങ്കിലും ജോലികള്‍ നീണ്ടുപോവുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Related posts