തിരുവനന്തപുരം: കൊല്ലത്ത് ബൈക്ക് യാത്രക്കാരന്റെ തലയ്ക്ക് പോലീസുകാരന്‍ വയര്‍ലെസ് സെറ്റ് കൊണ്ട് അടിച്ച സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സേനക്ക് നാണക്കേടായ സംഭവമാണ് കൊല്ലത്ത് നടന്നത്. പോലീസ് സേനയെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവമായിപ്പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ പോലീസുകാരനും ഇത്തരത്തില്‍ പെരുമാറുന്നതിന് മുന്‍പ് ഗൗരവമായി ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുവാവിന്റെ മൊഴിയെടുത്തശേഷം നടപടിയെന്നു പോലീസ്
കൊല്ലം: ഹെല്‍മറ്റില്ലാതെ യാത്രചെയ്ത ബൈക്ക് യാത്രികനെ വയര്‍ലെസ് സെറ്റുകൊണ്ട് മുഖത്തടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. അഞ്ചുകല്ലുംമൂട് സ്വദേശി സന്തോഷ് ഫെലിക്‌സിനെ പരിക്കേല്‍പ്പിച്ച കേസില്‍ കൊല്ലം ട്രാഫിക് സ്റ്റേഷനിലെസിവില്‍ പോലീസ് ഓഫീസര്‍ മാഷ്ദാസിനെയാണ് സിറ്റിപോലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. എസിപി ജോര്‍ജ് കോശിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ സതീഷ് ബിനോ സസ്‌പെന്‍ഡ് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്തോഷിന്റെ മൊഴിയെടുത്തശേഷം കേസെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരം ആശ്രാമം ലിങ്ക് റോഡിലായിരുന്നു സംഭവം. സന്തോഷിന്റെ മാതാവ് ആശ്രാമത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി ചെലവിലേക്ക് പണം ആവശ്യമായിവന്നതിനെതുടര്‍ന്ന് മകന്‍ രണ്ടുവയസുകാരനായ കിച്ചുവുമൊത്ത് പണവുമായി പോകുകയായിരുന്നു സന്തോഷ് ഫെലിക്‌സ്. ലിങ്ക് റോഡിലൂടെ വരുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ മറവില്‍നിന്ന രണ്ട് പോലീസുകാര്‍ പെട്ടെന്ന് റോഡിലേക്ക് കയറി വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്യാതെ ബൈക്ക് മാറ്റിനിര്‍ത്തുന്നതിനിടയില്‍ വയര്‍ലെസ് സെറ്റുകൊണ്ട് പോലീസുകാരന്‍ സന്തോഷിനെ അടിക്കുകയായിരുന്നു.
തലയുടെ ഇടതുഭാഗത്ത് ചെവിയുടെ മുകള്‍ഭാഗത്താണ് അടിയേറ്റത്. കുഞ്ഞിനെ കൈയിലൊതുക്കി ചോരയൊഴുകുന്ന മുഖത്തോടെ സന്തോഷ് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം കണ്ടുനിന്നവരും മറ്റ് യാത്രികരും പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചു. ഇതിനിടയില്‍ രംഗവഷളായതോടെ പോലീസുകാര്‍ സംഭവസ്ഥലത്തുനിന്നും മുങ്ങി. എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാമെന്ന് ഉറപ്പുകൊടുത്തതിനെതുടര്‍ന്നാണ് നാട്ടുകാര്‍ ഉപരോധ സമരം അവസാനിപ്പിച്ചത്. പോലീസ് ജീപ്പിലാണ് പരിക്കേറ്റ സന്തോഷിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.