നാദാപുരം: ഏഴ് പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കാന്‍ ആരംഭിച്ച കുന്നുമ്മല്‍ സമഗ്ര കുടിവെള്ള പദ്ധതി പണിതീരാതെ നീളുന്നു. അഞ്ചു വര്‍ഷത്തിലധികമായി പണി തുടങ്ങിയിട്ട്്. രൂക്ഷമായ കുടിവെള്ളപ്രശ്നം നിലനില്‍ക്കുന്ന കായക്കൊടി, കുറ്റിയാടി, നരിപ്പറ്റ, വാണിമേല്‍, വളയം, നാദാപുരം, തൂണേരി എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കാനാണ് ഈ പദ്ധതി തുടങ്ങിയത്. 40 കോടിയില്‍പരം രൂപയാണ് പദ്ധതി ചെലവ്. ഓരോ പഞ്ചായത്തിലും 70 ലക്ഷത്തോളം രൂപ ചെലവിട്ട് മൂന്നു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ട് മൂന്നുവര്‍ഷം കഴിഞ്ഞു.
പക്ഷെ, ഒരു തുള്ളി വെള്ളം ഇതുവരെ എത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്കു മുമ്പ് ഇ.കെ.വിജയന് എംഎല്‍എയുടെ സബ്മിഷന് മന്ത്രി പി.ജെ. ജോസഫ് മാര്‍ച്ച് 31നുമുമ്പ് പദ്ധതി കമ്മീഷന് ചെയ്യുമെന്ന് നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഈ രേഖ നിയമസഭാ രേഖയില്‍ സ്ഥാനം പിടിച്ചെന്നല്ലാതെ പൊതുജനത്തിന് ഉപകാരമൊന്നും ഉണ്ടായില്ല.
വേനല്‍ കനത്തതോടെ മലയോര മേഖലകളായ ഈ പഞ്ചായത്തുകളില്‍ കുടിവെള്ളം തേടി ജനം പരക്കം പായുകയാണ്. മിക്ക പഞ്ചായത്തുകളിലും ലോറികളിലാണ് ഇപ്പോള്‍ കുടിവെള്ളം എത്തിക്കുന്നത്. ഇതാവട്ടെ ആര്‍ക്കും തികയുന്നുമില്ല.