സീതത്തോട്: കെആര്‍പിഎംഎച്ച്എസ്എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ നാട്ടിലെ വീടുകള്‍ കയറി ലഹരിവിരുദ്ധ സന്ദേശമെത്തിച്ചു. കാക്കിധാരികളായ കുട്ടികള്‍ വീടുകളിലെത്തി ലഹരിയെ സംബന്ധിച്ച് ബോധവത്കരണം നടത്തുകയും തിരികെ പോകുന്നതിനു മുമ്പായി വീട്ടുകാരുടെ അനുവാദത്തോടെ ‘ഈ ഭവനം ലഹരിവിമുക്തം’ എന്ന പോസ്റ്റര്‍ എഴുതി ഒട്ടിക്കുകയും ചെയ്തത് ശ്രദ്ധേയമായ ബോധവത്കരണ പ്രക്രിയയായി.
ലോക ലഹരിവിരുദ്ധദിനത്തില്‍ ആരംഭിച്ച് ആറുഘട്ടം ഘട്ടമായുള്ള ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് സീതത്തോട് പഞ്ചായത്തിലെ മൂവായിരത്തോളം വീടുകള്‍ കുട്ടികള്‍ സന്ദര്‍ശിച്ചത്. നേരത്തെ ക്ലാസുകളിലും സ്കൂളിലും ബോധവത്കരണം നടത്തുകയും ക്ലാസും കാമ്പസും ലഹരിവിമുക്തമെന്ന് പോസ്റ്റര്‍ പതിക്കുകയുമുണ്ടായി.
ഭവനസന്ദര്‍ശന പരിപാടികളില്‍ വീട്ടമ്മമാരില്‍ നിന്നാണ് കുട്ടികള്‍ ഏറെയും വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞത്. മദ്യത്തിന്റെ ലഭ്യതക്കുറവുണ്ടാകണമെന്നതാണ് വീട്ടമ്മമാരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം എക്സൈസ്, പോലീസ് സംഘങ്ങള്‍ പരിശോധന കര്‍ശനമാക്കി ചാരായത്തിന്റെയും ഇതര ലഹരിവസ്തുക്കളുടെയും വിപണനം തടയണമെന്നും വീട്ടമ്മമാര്‍ ആവശ്യപ്പെട്ടു.
ലഹരിവിരുദ്ധ വാരാചരണ പ്രവര്‍ത്തനത്തിന് എസ്പിസി സിപിഒ മനോജ് ബി.നായര്‍, എസിപിഒ നിര്‍മലാദേവി, കേഡറ്റുകളായ ജിബി ബിജു, റെജിന്‍ പി.ഏബ്രഹാം, ദേവനാഥ് രാജന്, ജോസഫ്ഫിനാ കെ.സണ്ണി, അക്ഷയ് നന്ദന്, ശ്രീജിത്ത് എസ്.പിള്ള, എം. വിശാഖ്, അമല്‍ എസ്.പിള്ള, അലന് ശ്രീനിവാസന്, സി.എസ്. പിയൂഷ്, ഗംഗാ ഷാജി, ഗായത്രി സുനില്‍, അരവിന്ദ് എന്നിവര്‍ നേതൃത്വം നല്കി.