വടക്കഞ്ചേരി: കുതിരാനില തുരങ്കപാത നിര്‍മാണം ബൂമറിന്റെ സഹായത്തോടെ രണ്ടുദിവസത്തിനുളളില്‍ വീണ്ടും തുടങ്ങും. കുതിരാന്‍ ഇരുമ്പുപാലത്ത് ഇപ്പോള്‍ തുരങ്കനിര്‍മാണം പന്ത്രണ്ടു മീറ്റര്‍ പിന്നിട്ട് ഉള്ളിലേക്ക് കയറി. 15 മീറ്റര്‍ ആയാല്‍ ബൂമര്‍ കയറ്റി പാറ തുരക്കുമെന്ന് സീനിയര്‍ ഫോര്മാന് എം.സുദേവന് പറഞ്ഞു. ബൂമറിന്റെ സഹായത്തോടെ പാറയില്‍ നാലുമീറ്റര്‍ വരെ ആഴത്തിലുള്ള ദ്വാരങ്ങളുണ്ടാക്കാന്‍ കഴിയും. എന്നാല്‍ ഇതില്‍ കെമിക്കല്‍ നിറച്ച് വൈദ്യുതിയുടെ സഹായത്തോടെ പാറ പൊട്ടിക്കുമ്പോള്‍ പാറക്കല്ലുകള്‍ ദൂരേയ്ക്ക് തെറിച്ച് അപകടമുണ്ടാകുമെന്ന കണ്ടെത്തലിലാണ് ബൂമര്‍ മാറ്റി പുഷര്‍ലഗിന്റെ സഹായത്തോടെ ജാക്ക് അമര്‍ ഉപയോഗിച്ച് മാന്വലായി തുരങ്കനിര്‍മാണം നടത്തിയിരുന്നത്.
ജാക്ക് അമര്‍ ഉപയോഗിച്ച് രണ്ടു മീറ്ററില്‍ വ്യാസം കുറഞ്ഞ ദ്വാരമുണ്ടാക്കിയാണ് പാറ പൊട്ടിക്കുന്നത്. ഈ വിധം പാറപൊട്ടിക്കുമ്പോഴും കരിങ്കല്‍ചീളുകള്‍ തെറിക്കുന്ന സ്ഥിതിയുണ്ടായി. ഇതിനാല്‍ പഴയ ടയര്പാളികള് മറയാക്കി ഗുഹാമുഖത്തിനു മുന്നില്‍ തൂക്കിയിട്ടാണ് പാറപൊട്ടിച്ചു നീക്കുന്നത്.സമീപത്തെ താമസക്കാരെയും പാറപൊട്ടിക്കുന്ന സമയം മാറ്റിനിര്‍ത്തും. അധികം ദൂരെയല്ലാതെ തന്നെ ദേശീയപാതയിലൂടെ നിരവധി വാഹനങ്ങള്‍ ഏതുസമയവും കടന്നുപോകുന്നതിനാല്‍ ഉഗ്രസ്ഫോടനത്തോടെ പാറപൊട്ടിക്കലും നടക്കില്ല.
തുരങ്കം 15 മീറ്റര്‍ പിന്നിട്ടാല്‍ പിന്നെ പാറപൊട്ടിക്കുമ്പോള്‍ അത് പുറത്തേക്കു തെറിക്കില്ല. ഇതിനാല്‍ നിര്‍മാണം വേഗത്തിലാക്കാന്‍ കഴിയും. മിനി വെടിക്കെട്ടുപോലെയാണ് ഇപ്പോള്‍ പാറപൊട്ടിക്കല്‍ നടക്കുന്നത്.മഴ ശക്തിപ്പെടുംമുമ്പേ പരമാവധി പണികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനാല്‍ രാത്രിയും പകലും നിര്‍മാണം നടക്കുന്നുണ്ട്. തുരങ്കത്തിന്റെ മുകള്ഭാഗം ഇതിനകം രൂപപ്പെട്ടുകഴിഞ്ഞു. പത്തുമീറ്റര്‍ ഉയരമാണ് ടണലിന്റെ ഉള്‍ഭാഗം. ഇനി അഞ്ചുമീറ്റര്‍ താഴേയ്ക്കു കൂടി നിര്‍മിക്കേണ്ടതുണ്ട്. ഇത് വേഗത്തില്‍ ചെയ്യാനാകുമെന്നു കരാര്‍ കമ്പനിയായ പ്രഗതി എന്‍ജിനീയറിംഗ് കമ്പനി അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ 13നാണ് ബൂമര്‍ ഉപയോഗിച്ച് തുരങ്കനിര്‍മാണം തുടങ്ങിയത്. എന്നാല്‍ ആദ്യദിവസം മാത്രമേ ബൂമര്‍ ഉപയോഗിച്ചുള്ള പാറതുരക്കല്‍ നടന്നുള്ളൂ. പിന്നെ ജാക്ക് അമര്‍ ഉപയോഗിച്ചാണ് പാറതുരക്കുന്നത്. രണ്ടുദിവസത്തെ മാന്വല്‍ പണികള്‍ കൂടി കഴിഞ്ഞാല്‍ പിന്നെ തുരങ്കനിര്‍മാണം പൂര്‍ണമായും ബൂമര്‍ ഏറ്റെടുക്കും. അതോടെ പണികള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. ഈ ടണല്‍ നിര്‍മാണത്തോടൊപ്പം വലതുഭാഗത്തെ ടണല്‍ കൂടി നിര്‍മിക്കണം. ഇതിനായി മറ്റൊരു ബൂമര്‍ വൈകാതെയെത്തും. കുതിരാന്‍ മലയുടെ മറുഭാഗത്തുനിന്നാണ് ബഹിര്‍ഗമന ഗുഹാപാത നിര്‍മിക്കുന്നത്.