കുന്നത്തുനാട്ടില്‍ പോരാട്ടം മുറുകുന്നു

EKM-KUNNATHOORകോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. സജീന്ദ്രന്‍ കൊച്ചിന്‍ റിഫൈനറിയിലെത്തി തൊഴിലാളികളോട് വോട്ട് അഭ്യര്‍ഥിച്ചു. അമ്പലമുകളിലെ കച്ചവട സ്ഥാപനങ്ങളും, വിവിധ ഓഫീസുകളും സന്ദര്‍ശിച്ചു.  എം.പി. സലിം, തോമസ് കണ്ണടിയില്‍, പി.ഡി. സന്തോഷ്കുമാര്‍, പോള്‍ പീറ്റര്‍, സുധീഷ്കുമാര്‍, മനോജ്കുമാര്‍, കെ.സി. സുരേഷ് എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. പട്ടിമറ്റം കിഴക്കേ കുമ്മനോട്, എരപ്പുംപാറ, നെല്ലാട് എന്നിവിടങ്ങളിലും സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിച്ചു. കിഴക്കമ്പലത്ത് നടന്ന വികസന സന്ദേശ പദയാത്രയ്ക്ക് സജീന്ദ്രന്‍ നേതൃത്വം നല്‍കി.

കോലഞ്ചേരി:  കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ഥി ഷിജി ശിവജി ഇന്നലെ പട്ടിമറ്റം മണ്ഡലത്തിലാണ് വോട്ടഭ്യര്‍ഥനയുമായെത്തിയത്. പടിഞ്ഞാറേ കയ്യാലക്കുടി, കിഴക്കേ കയ്യാലക്കുടി, വെട്ടാരമുകള്‍, നീലിമല, പൂക്കണ്ണി പറമ്പ്, കൈതക്കാട്, ഒലിപ്പുറത്ത് മല, വെളളാരംകുഴി എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്.    ഇതിനിടെ മാമലയിലെ മരണ വീട്ടിലും വൈകുന്നേരം ഐക്കരനാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും എത്തി.   നേതാക്കളായ ഒ.കെ. ജേക്കബ്, എസ്. തങ്കപ്പന്‍, ടി.വൈ. മത്തായി, എം.എ. ശശിധരന്‍, ടി.വൈ. ജോസ് എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.

കോലഞ്ചേരി: ഷിജി ശിവജിയുടെ വിജയത്തിനായി രംഗത്തിറങ്ങാന്‍ ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(സിഐടിയു) കോലഞ്ചേരി ഏരിയാ കുടുംബ സംഗമം തീരുമാനിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയംഗം സി.ബി. ദേവദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.എ. രവി അധ്യക്ഷത വഹിച്ചു.. സ്ഥാനാര്‍ത്ഥി അഡ്വ. ഷിജി ശിവജി, സെക്രട്ടറി എന്‍.വി. കൃഷ്ണന്‍കുട്ടി, പി.വി. കുട്ടന്‍, പി.എ. ഭാസ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts