കുപ്രസിദ്ധ മോഷ്ടാവ് ‘കിണര്‍ സൗന്ദര്‍രാജന്‍” പിടിയില്‍; കേരളത്തിനകത്തും പുറത്തുമായി കഴിഞ്ഞ പത്തു വര്‍ഷമായി നിരവധി മോഷണങ്ങള്‍ നടത്തിയിരുന്നു

tcr-KALLANചാലക്കുടി: കേരളത്തിനകത്തും പുറത്തുമായി കഴിഞ്ഞ പത്തു വര്‍ഷമായി നിരവധി മോഷണങ്ങള്‍ നടത്തിയിരുന്ന കിണര്‍ എന്ന പേരില്‍ അറിയപ്പെടുന്ന വേളാങ്കണ്ണി സ്വദേശി സൗന്ദര്‍ രാജന്‍(46) അറസ്റ്റിലാ യി. ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐ എം.പി. മുഹമ്മദ് റാഫി,എസ്‌ഐ ടി.റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.

രണ്ടുദിവസം മൂന്‍പ് ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് സൗന്ദര്‍ രാജനെ പിടികൂടിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആലുവ കുട്ടമശേരി തോട്ടുമുഖം സ്വദേശിയായ റെയില്‍വേ പൈലറ്റ് സൂരജിന്റെ വീട്ടില്‍നിന്നും വാച്ചും വാക്കി ടോക്കിയും മൊബൈല്‍ ഫോണും പതിനായിരം രൂപയും, ആലുവ തോട്ടമുഖം പുത്തനത്തില്‍ രാമകൃഷ്ണന്റെ വീട്ടിനുള്ളില്‍ കയറി ഭാര്യയുടെ കഴുത്തില്‍നിന്നും ഒന്നര പവന്‍ മാലയും, മയിലാടുംപറമ്പില്‍ നാരായണന്റെ മകന്റെ കുട്ടിയുടെ കഴുത്തിലെ സ്വര്‍ണമാലയും,കൈയിലെ സ്വര്‍ണ കൈചെയിനും മോഷ്ടിച്ചതായി കണ്ടെത്തി. ആലൂവ കരുമാലൂര്‍ മനക്കപ്പടി കണിയാട്ടുപറമ്പില്‍ ബിജുവിന്റെ വീട്ടില്‍ നിന്നും മകളുടെ കഴുത്തിലെ സ്വര്‍ണമാല കവര്‍ന്നതായും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കവര്‍ച്ചമുതലുകള്‍ കൊടുങ്ങല്ലൂരിലെ ഒരു ജ്വല്ലറിയില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. 2012ല്‍ കൊടകരയിലെ ഒരു മോഷണ ശ്രമത്തിനിടയില്‍ സൗന്ദര്‍ രാജന്‍ കിണറ്റില്‍ വീഴുകയും തുടര്‍ന്നു പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കിണര്‍ സൗന്ദര്‍ രാജനായത്. വിയ്യൂര്‍, നെടുപുഴ, ഇരിങ്ങാലക്കുട, കൊടകര പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.വേറെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്.  അന്വേഷണ സംഘത്തില്‍ എഎസ്‌ഐമാരായ ഷാജു എടത്താടന്‍, ജോഷി, പോലീസ് ഉദ്യോഗസ്ഥരായ വി.ജി.സ്റ്റീഫന്‍, സി.ആര്‍.പ്രദീപ്, പി.ജയകൃഷ്ണന്‍, സി.ജോബ്, സൂരജ് വി. ദേവ്, ലിജു ഇയ്യാനി എന്നിവരുമുണ്ടായിരുന്നു.

Related posts