കുമരകം: വിനോദസഞ്ചാര മേഖലയില്‍ കുമരകത്തെ ഏക സര്‍ക്കാര്‍ സ്ഥാപനമായ കെടിഡിസി വാട്ടര്‍ സ്കേപ്സില്‍ എത്തുന്നവര്‍ക്ക് ഇനി വിഷരഹിത ഉത്പന്നങ്ങള്കൊണ്ടു പാചകം ചെയ്യുന്ന വിഭവങ്ങളുടെ രുചി നുകരാം. കെടിഡിസിയുടെ ഏക്കറുകണക്കിനു ഭൂമിയില്‍ ഇവിടത്തെ ജീവനക്കാര്‍ ജൈവകൃഷിയിലുടെ വിളയിച്ചെടുക്കുന്ന പച്ചക്കറികള്‍കൊണ്ടു പാചകം ചെയ്യുന്ന വിഭവങ്ങള്‍ ഊണ്മേശയില് നിറയും. ഇതിനു പുറമെ വേമ്പനാട്ടു കായലില്‍നിന്നും ചീനവല ഉപയോഗിച്ചു പിടിക്കുന്ന കരിമീനും മറ്റു നാടന്‍ മത്സ്യങ്ങള്കൊണ്ടുള്ള കറികളും കൂടെയാകുമ്പോള്‍ ഇവിടെയെത്തുന്ന സഞ്ചാരികളുടെ വയറിനൊപ്പം മനസും നിറയും.
വേമ്പനാട്ടു കായല്‍ തീരത്തെ മണ്ണില്‍ നട്ടുവളര്‍ത്തിയ മുന്തിരിത്തക്കാളി, കോളിഫ്ളവര്‍, കാബേജ്, വെണ്ട, പയര്‍, ചീര, പച്ചമുളക്, കാന്താരി, മല്ലി ഇല, പൊതിനയില, പപ്പായ, കറിവേപ്പ് തുടങ്ങിയവ കീടനാശിനി രഹിതമാണ്. കുമരകം കെടിഡിസി വാട്ടര്‍ സ്കേപ്സിന്റെ മാനേജരായി ഒന്നര വര്‍ഷം മുമ്പു ഗോപു ചന്ദ്രന് ചുമതലയേറ്റതോടെയാണു ജൈവകൃഷിയുടെ തുടക്കം. കൃഷിയുടെ മേല്‍നോട്ടം ഏറ്റെടുത്ത് അസിസ്റ്റന്റ് മാനേജര്‍ ഇന്ദിര ഭായ് ജോലിക്കിടയില്‍ ലഭിക്കുന്ന ഒഴിവു സമയങ്ങളില്‍ കൃഷിയിടങ്ങളില്‍ ചെലവഴിക്കും.മറ്റു ജീവനക്കാരുടെ സഹകരണത്തോടെ കൃഷി നടത്തുന്നതിനാല്‍ അധികകൂലി ചെലവുകളില്ലാതെ നടത്തുന്ന കൃഷി ആദായകരവുമാണ്.
വേമ്പനാട്ടു കായല്‍ തീരത്തു നടത്തുന്ന ജൈവ പച്ചക്കറി കൃഷിയായതിനാല്‍ നാലിഞ്ചു കനത്തില്‍ മെറ്റല്‍ നിരത്തി മുകളില്‍ തുണി വിരിച്ചതിനുശേഷം ചാണകപ്പൊടി, എല്ലുപൊടി, ചകിരിച്ചോറ് തുടങ്ങിയ ചേര്‍ത്ത മണ്ണിലാണു കൃഷി നടത്തുന്നത്. അധികമായിട്ടു വരുന്ന വെള്ളം ചോര്‍ന്നു പോകാനാണു അടിയില്‍ മെറ്റല്‍ നിരത്തുന്നതെന്നു ഇന്ദിര ഭായ് പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ പച്ചച്ചാണകം കലക്കി തയാറാക്കുന്ന ദ്രാവകത്തിനൊപ്പം ബയോ ഗ്യാസിന്റെ സ്ലറി ചുവട്ടില്‍ തളിക്കുകയും ചെയ്യുന്നുണ്ട്.
ചേന, ചേമ്പ്, കാച്ചില്, കപ്പ തുടങ്ങിയവയുടെ കൃഷിയും കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ ആരംഭിക്കാന്‍ തീരുമാനിച്ചതായി കെടിഡിസി വാട്ടര്‍ സ്കേപ്സിന്റെ പുതിയ മാനേജര്‍ ബിലാല്‍ പറഞ്ഞു. കെടിഡിസി ഓഫീസിനു പെയിന്റിംഗ് നടത്തിയപ്പോള്‍ ലഭിച്ച ടിന്നുകളില്‍ മണ്ണു നിറച്ചു ചെടിച്ചട്ടികളാക്കി പച്ചക്കറിക്കൃഷി നടത്തുന്ന പദ്ധതിയും ആരംഭിച്ചുകഴിഞ്ഞു. ഇവിടെയെത്തുന്നവര്‍ക്കു വിഷരഹിതമെന്നു നൂറുശതമാനം ഉറപ്പുള്ള ഓര്‍ഗാനിക്ക് പച്ചക്കറിയും നാടന്‍ മത്സ്യംകൊണ്ടുള്ള വിഭവങ്ങളും ഊണ്മേശയില് ലഭിക്കുമെന്നത് ഏറെ നേട്ടമാണ്.