കുറവിലങ്ങാട്: എം.സി റോഡില്‍ കുര്യത്ത് ഓട്ടോസ്റ്റാന്‍ഡിലേക്ക് കാര്‍ ഇടിച്ചുകയറി എട്ടുപേര്‍ക്ക് പരുക്കേറ്റു. ഇന്നു രാവിലെ എട്ടോടെയാണ് അപകടം. മലപ്പുറത്തുനിന്ന് ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിനിട യാക്കിയത്. സ്റ്റാന്‍ഡിലെത്തി ഓട്ടോറിക്ഷയില്‍ വിവിധ സ്ഥലങ്ങളിലേക്ക് ലോഡിംഗ് തൊഴിലിനായി പോകാനെത്തിയതായിരുന്നു പരുക്കേറ്റവരിലേറെയും. കാളികാവ് തറപ്പേല്‍ ടി.കെ നാരായണന് (60), കാളികാവ് തറപ്പേല്‍ ഉണ്ണി (45), കാളികാവ് തറപ്പേല്‍ ടി.ജി മോഹനന് (51), കാളികാവ് നടുവത്തേട്ട് സുനില്‍ (40), പുളിക്കല്‍ സലി (45), കാളികാവ് കുരുക്കത്തിയേല് ഷാജി (40), നടുപ്പറമ്പില്‍ പ്രദോഷ് (40), സമീപത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളി നിബിന് (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരില്‍ തറപ്പേല്‍ ഉണ്ണിയുടെ കാലിന് സാരമായ പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ നിബിനെ കുറവിലങ്ങാട് സെന്റ് വിന്‍സെന്റ് ആശുപത്രിയിലും മറ്റുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. നാട്ടുകാരുടെ നേതൃത്വത്തിലായിരുന്ന രക്ഷാശ്രമം. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് ആദ്യ വിലയിരുത്തല്‍. ഏറ്റുമാനൂര്‍ സ്വദേശി എബിന് സെബാസ്റ്റ്യനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പറയുന്നു.